ജമ്മു: ജമ്മു കശ്മീര് തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാർട്ടി. ഏഴ് സ്ഥാനാര്ത്ഥികളുടെ പേരാണ് ആംആദ്മി പാർട്ടി പുറത്തിറക്കിയത്. പുല്വാമയില് നിന്നും ഫയാസ് അഹമദ് സോഫി, രാജ്പോറയില് നിന്നും മുദ്ദാസിര് ഹസ്സന്, ദേവ്സരില് നിന്നും ഷെയ്ഖ് ഫിദ ഹുസ്സൈന്, ദൂരില് നിന്നും മൊഹ്സിന് ഷഫ്കത്, ദോഡയില് നിന്നും മെഹ്രാജ് ദിന് മാലിക്, ദോഡ വെസ്റ്റില് നിന്നും യാസിര് ഷാഫി മറ്റോയും ആംആദ്മി പാര്ട്ടിക്ക് വേണ്ടി മത്സരിക്കും.
മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരില് വോട്ടെടുപ്പ് നടക്കുന്നത്. സെപ്റ്റംബര് 18, സെപ്റ്റംബര് 25, ഒക്ടോബര് ഒന്ന് എന്നീ തീയ്യതികളിലാണ് ജമ്മുവില് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര് നാലിന് ഫലപ്രഖ്യാപനവും നടക്കുന്നതായിരിക്കും. ആകെ 90 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
ജമ്മു കശ്മീര് തിരഞ്ഞെടുപ്പ്: സംസ്ഥാന പദവി പുനസ്ഥാപിക്കും, പ്രകടന പത്രിക പുറത്തിറക്കി പിഡിപിഅതേസമയം കഴിഞ്ഞ ദിവസം പീപ്പിള്സ് ഡെമോക്രാറ്റിക് പാര്ട്ടി (പിഡിപി) പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന പ്രധാന വാഗ്ദാനമാണ് പ്രകടന പത്രികയില് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര സംരംഭങ്ങള്ക്കായി വാദിക്കുമെന്നും വ്യാപാരത്തിനും സാമൂഹിക വിനിമയത്തിനുമായി നിയന്ത്രണ രേഖയില് പൂര്ണമായ കണക്ടിവിറ്റി (എല്ഒസി) സ്ഥാപിക്കുമെന്നും പിഡിപി വാഗ്ദാനം ചെയ്യുന്നു.
നാഷണല് കോണ്ഫറന്സ് പാര്ട്ടി നേരത്തെ തന്നെ 12 ഗ്യാരണ്ടികളടങ്ങിയ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370, 35എ എന്നിവ പുനഃസ്ഥാപിക്കുകയും സംസ്ഥാന പദവി തിരികെ നല്കുമെന്നതുമാണ് നാഷണല് കോണ്ഫറന്സിന്റെ വാഗ്ദാനങ്ങളില് ഏറ്റവും പ്രധാനപ്പെട്ടത്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്ന് പുനരധിവസിപ്പിക്കുമെന്നുമാണ് മറ്റൊരു വാഗ്ദാനം. തൊഴിലിനും പാസ്പോര്ട്ടിനുമായുള്ള പരിശോധനകള് ലഘൂകരിക്കും, അന്യായമായി പിരിച്ചുവിടുന്നത് അവസാനിപ്പിക്കും, റോഡുകളില് ജനങ്ങളെ അനാവശ്യമായി ഉപദ്രവിക്കുന്നത് ഇല്ലാതാക്കും എന്നിവയും പ്രകടനപത്രികയില് ഉള്പ്പെടുന്നു.