ന്യൂഡൽഹി: ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വസതി ഉൾപ്പടെ പതിനാല് സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സിബിഐ നടപടി. വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും സിബിഐ പരിശോധന പുരോഗമിക്കുകയാണ്. ആർജി കർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കൊൽക്കത്ത ഹൈക്കോടതിയാണ് കൊൽക്കത്ത പൊലീസിൽ വീഴ്ച്ച ചൂണ്ടി കാട്ടി അന്വേഷണം സിബിഐക്ക് കൈമാറിയത്.
ഈ കേസിനൊപ്പം ആർജി കർ മെഡിക്കൽ കോളജിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണം നടത്താൻ സിബിഐയെ ഹൈകോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ സന്ദീപ് ഘോഷുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തുന്നത്.
നേരത്തെ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് ദിവസം സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സഞ്ജയ് റോയ്, മെഡിക്കല് കോളേജ് മുന് പ്രിന്സിപ്പല് സന്ദീപ് ഘോഷ്, കൊലപ്പെട്ട ഡോക്ടറുടെ സഹപാഠികളായ നാല് ഡോക്ടർമാർ എന്നിവരെ സിബിഐ നുണപരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
രഞ്ജിത്തിനെ ന്യായീകരിച്ച് പ്രതികരണം: മുഖ്യമന്ത്രിക്ക് അതൃപ്തി, സജി ചെറിയാനെ അറിയിച്ചു