ഹൈദരാബാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ദിശയറിയാത അകപ്പെട്ട തെലങ്കാന സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തി. കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്സാദ് ഖാൻ, സുഹൃത്ത് എന്നിവരാണ് റബ് അൽ ഖാലി മരുഭൂമിയിൽ നിർജ്ജലീകരണം മൂലം മരണപ്പെട്ടത്.
സൗദിയിൽ ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനത്തിൽ മൂന്ന് വർഷത്തോളമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഷെഹ്സാദ് ഖാൻ. ഷെഹ്സാദും സുഹൃത്തും ചേർന്നാണ് റബ് അൽ ഖാലിയിലെത്തിയത്. പിന്നാലെ യാത്രക്കിടെ ജിപിഎസ് സേവനം ലഭിക്കാതെയായി. ഷെഹ്സാദിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതോടെ ഇരുവർക്കും പുറംലോകവുമായുള്ള ആശയവിനിമയവും തടസപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഇന്ധനം തീർന്നതും വിനയായി. കെട്ടിടങ്ങളോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ ശൂന്യമായ പ്രദേശത്ത് സംഘം അകപ്പെടുകയായിരുന്നു.
അതിജീവിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും ഉയർന്ന താപനിലയും വെള്ളത്തിൻ്റെ ദൗർലഭ്യവും മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും മൃതദേഹങ്ങൾ ഇവർ സഞ്ചരിച്ച കാറിന് സമീപം മണ്ണിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഷെഹ്സാദിനൊപ്പമുണ്ടായിരുന്ന സുഡാനി പൗരന്റെ വിവരം ലഭിച്ചിട്ടില്ല. 650 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന മരുഭൂമിയാണ് റബ് അൽ ഖാലി.