മുംബൈ: മുംബൈയിലെ ടാറ്റാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല് സയന്സസിലെ(ടിഐഎസ്എസ്) വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി. 23കാരനായ അനുരാഗ് ജയ്ശ്വാലിനെ ശനിയാഴ്ച രാവിലെയാണ് വാടക വീട്ടില് നിന്ന് മരിച്ച നിലയില് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി വാശിയെന്ന ഹോട്ടലില് വെച്ച് സുഹൃത്തുക്കളോടൊപ്പം ഫ്രഷേര്സ് പാര്ട്ടിക്ക് ശേഷമാണ് അനുരാഗ് വീട്ടിലേക്ക് മടങ്ങിയതെന്ന് പൊലീസ് പറയുന്നു. 150ഓളം വിദ്യാര്ത്ഥികള് പങ്കെടുത്ത പാര്ട്ടിയായിരുന്നുവെന്നും പാര്ട്ടിയില് വെച്ച് അനുരാഗ് മദ്യപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
'സുകുമാര കുറുപ്പ് മോഡൽ': ഇൻഷുറൻസ് തുക ലഭിക്കാൻ സ്വന്തം മരണം ആവിഷ്കരിച്ച പ്രതി പിടിയിൽശനിയാഴ്ച പുലര്ച്ചെ മൂന്ന് മണിക്കാണ് അനുരാഗ് മുറിയിലെത്തിയതെന്ന് അനുരാഗിന്റെ റൂംമേറ്റ് പൊലീസിനോട് പറഞ്ഞു. പിന്നീട് അനുരാഗ് എഴുന്നേല്ക്കാത്തതിനെ തുടര്ന്ന് ചെമ്പൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലഖ്നൗ സ്വദേശിയായ അനുരാഗ് ടിസ്സിലെ ഹ്യൂമന് റിസോര്സ് പ്രോഗ്രാമിലേക്കായിരുന്നു പ്രവേശിച്ചത്.
അനുരാഗിന്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവര് മുംബൈയിലെത്തിയതിന് ശേഷം മാത്രം പോസ്റ്റ്മോര്ട്ടം നടത്തിയാല് മതിയെന്ന് കുടുംബം ആവശ്യപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. അനുരാഗിന്റെ ശരീരത്തില് മര്ദ്ദനത്തിന്റെ പാടുകളില്ലെന്നും പൊലീസ് അറിയിച്ചു. നിലവില് അപകട മരണമെന്ന നിലയിലാണ് പൊലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. പോസ്റ്റ്മോര്ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു.