ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഭാരതീയ രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് ജാമ്യം. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിയിക്കാൻ ശ്രമിച്ചതെന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹരജി പരിഗണിച്ചത്. കേസിൽ സിബിഐയും ഇഡിയും അന്വേഷണം നടത്തിവരികയായിരുന്നു. വിഷയത്തിൽ രണ്ട് ഏജൻസികളും അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇതേ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണ് കവിത ജാമ്യം ആവശ്യപ്പെട്ടത്.