'സൗഹൃദ' മത്സരമോ 'അതിജീവന' മത്സരമോ? ജെകെഎൻസി-കോൺഗ്രസ് സഖ്യത്തിൻ്റെ ചരിത്രവും പ്രാധാന്യവുമെന്ത്?

സഖ്യം നേരത്തെ പ്രഖ്യാപിച്ചുകൊണ്ട് മത്സരത്തിനിറങ്ങുന്ന ഫാറൂഖിൻ്റെ ആത്മവിശ്വാസത്തിൻ്റെ പിന്നിലെന്താണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്

dot image

തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കാശ്മീരിലെത്തുന്നതിന് തൊട്ടുമുമ്പ് വരെ ഫാറൂഖ് അബ്ദുള്ളയ്ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. എന്തുവന്നാലും നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള തറപ്പിച്ചുപറഞ്ഞിരുന്നു. എന്നാൽ ശ്രീനഗറിലെ വീട്ടിലെത്തി രാഹുൽ ഗാന്ധി സംസാരിച്ചതിന് പിന്നാലെ മുൻപ് പറഞ്ഞതെല്ലാം ഫാറൂഖ് അബ്ദുള്ള ഒറ്റയടിക്ക് മാറ്റി പറഞ്ഞു. ഒറ്റയ്ക്കല്ല മത്സരം, തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള സഖ്യവുമല്ല, മത്സരിക്കുന്നത് ഒരുമിച്ചെന്ന് ഫാറൂഖ് ചിരിച്ചുകൊണ്ടുപറഞ്ഞു. നാഷണൽ കോൺഫറൻസും, പിഡിപിയുമടക്കമുള്ള കശ്മീരിലെ പ്രാദേശിക കക്ഷികൾക്ക് ജീവന്മരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. അതിനാൽ തന്നെ സഖ്യം നേരത്തെ പ്രഖ്യാപിച്ചുകൊണ്ട് മത്സരത്തിനിറങ്ങുന്ന ഫാറൂഖിൻ്റെ ആത്മവിശ്വാസത്തിൻ്റെ പിന്നിലെന്താണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

സെപ്റ്റംബർ 18, 25, ഒക്ടോബർ 1 എന്നീ തീയതികളിലാണ് കശ്മീരിലെ ആകെയുള്ള 90 നിയമസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സഖ്യം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സീറ്റ് വിഭജനം കീറാമുട്ടിയായി നിൽക്കുകയായിരുന്നു. ചർച്ചകൾ എല്ലാം വഴിമുട്ടി. അവസാനം കെ സി വേണുഗോപാലും സൽമാൻ ഖുർഷിദും ശ്രീനഗറിലെത്തി നടത്തിയ അടിയന്തിര ചർച്ചയിലാണ് സെപ്റ്റംബർ 18ന് തിരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ ഘട്ടമണ്ഡലങ്ങളിൽ സഖ്യം ധാരണയിലെത്തിയത്.

നിലവിലെ ധാരണ പ്രകാരം 51 സീറ്റുകളിൽ നാഷണൽ കോൺഫറൻസും 32 സീറ്റുകളിൽ കോൺഗ്രസും മത്സരിക്കും. ഓരോ സീറ്റ് വീതം സിപിഐഎമ്മിനും ജമ്മു കശ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടിക്കും നൽകാനാണ് തീരുമാനം. ശേഷം ബാക്കി വന്ന അഞ്ച് സീറ്റുകളിൽ സമവായം ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ സൗഹൃദ മത്സരമായിരിക്കുമെന്നാണ് ഇരുപാർട്ടികളുടെയും ഭാഷ്യം.

കശ്മീരിലെ നിലവിലെ രാഷ്ട്രീയാവസ്ഥയിൽ ജെകെഎൻസി - കോൺഗ്രസ് സഖ്യം മികച്ച മുന്നേറ്റം നേടുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ചരിത്രം പരിശോധിക്കുമ്പോൾ ഇതാദ്യമായല്ല കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലേർപ്പടുന്നത്. 1972ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു ദേശീയ പാർട്ടിയുടേതായ പ്രകടനം കോൺഗ്രസിന് കശ്മീരിൽ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ 1987ൽ രാജീവ് - ഫാറൂഖ് ഉടമ്പടി പ്രകാരം നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യത്തിലേർപ്പെടുകയും തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിൽ വരികയും ചെയ്തു. എന്നാൽ വിവിധ പ്രതിഷേധങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ 1990ൽ സർക്കാർ പിരിച്ചുവിടപ്പെടുകയും കശ്മീർ ആറ് വർഷക്കാലത്തേക്ക് രാഷ്ട്രപതി ഭരണത്തിലാകുകയും ചെയ്തിരുന്നു.

ഇതിന് ശേഷമാണ് കശ്മീരിൽ കോൺഗ്രസ് രാഷ്ട്രീയമായി ദുർബലപ്പെടാൻ തുടങ്ങിയത്. പിന്നീട് ഒരിക്കലും ആധികാരികമായ വിജയവുമായി തിരിച്ചുവരാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. 2002ൽ പിഡിപിയുമായും, 2008ൽ വീണ്ടും നാഷണൽ കോൺഫറൻസുമായും സഖ്യം ചേർന്ന് അധികാരത്തിൽ പങ്കാളികളായ ചരിത്രവും കോൺഗ്രസിനുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉടലെടുത്ത ഇൻഡ്യ സഖ്യത്തിൻ്റെ പശ്ചാത്തലത്തിൽ നിന്ന് മാത്രമല്ല ഇത്തവണ കശ്മീരിൽ സഖ്യം രൂപപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ബിജെപി അധികാരത്തിൽ എത്തിയിരുന്നു. ചരിത്രത്തിലാദ്യമായി ബിജെപി കശ്മീരിൽ അധികാര പങ്കാളികളായി. ബിജെപിക്ക് ബാലികേറാമലയായിരുന്ന കശ്മീരിൽ പിഡിപിയാണ് 2014ൽ അവർക്ക് വാതിൽ തുറന്നുകൊടുത്തത്. പിന്നീട് ഇരുവരും തമ്മിലുള്ള സഖ്യം വേർപെടുത്തുമ്പോഴേയ്ക്കും വലിയ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള പശ്ചാത്തലം ജമ്മുവിലെങ്കിലും ബിജെപി ഒരുക്കിയിരുന്നു. പിന്നാലെ 370-ാം അനുച്ഛേദം റദ്ദാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ നടപ്പിലാക്കിയതോടെ പിഡിപിയുടെയും നാഷണൽ കോൺഫറൻസിൻ്റെയും രാഷ്ട്രീയ അടിത്തറയും രാഷ്ട്രീയ അസ്ഥിത്വവുമാണ് ചോദ്യം ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ബിജെപിയുടെ കശ്മീരിലെ വളർച്ച തടയേണ്ടത് പ്രബലരായ ഇരു പ്രാദേശിക കക്ഷികളുടെ ആവശ്യമാണ്. കോൺഗ്രസുമായി സഖ്യപ്രഖ്യാപിക്കാനുള്ള നാഷണൽ കോൺഫറൻസിൻ്റെ നീക്കത്തിന് പിന്നിലെ കാരണവും മറ്റൊന്നല്ല. ഇത്തരത്തിൽ കേവലം സൗഹൃദമത്സരം എന്നതിനപ്പുറം ഒരു രാഷ്ടീയ ധാർമികതയുടെയും അതിജീവനത്തിന്റെയും മത്സരം കൂടിയാകും ഈ സഖ്യം കാഴ്ചവെക്കേണ്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us