'നിരവധി പേരെ കൊന്നു, മൃതദേഹങ്ങൾ കെട്ടിത്തൂക്കി'; കങ്കണയുടെ കർഷക വിരുദ്ധ പരാമർശം തള്ളി ബിജെപി

മാപ്പ് പറയണമെന്ന് സംയുക്ത കിസാൻ മോർച്ച

dot image

ന്യൂഡൽഹി: 2020-21ൽ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള എംപി കങ്കണ റണാവത്തിൻ്റെ പരാമർശത്തെ പരസ്യമായി ശാസിച്ച് ബിജെപി. എംപിക്ക് പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അനുവാദമോ അധികാരമോ ഇല്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ബിജെപി നേതാവും എംപിയുമായ കങ്കണ റണാവത്തിന്റെ പരാമർശം പാർട്ടിയുടെ അഭിപ്രായമല്ല. കങ്കണയുടെ വാദത്തെ പാർട്ടി എതിർക്കുന്നുവെന്നും ബിജെപി വ്യക്തമാക്കി.

സാമൂഹിക ഐക്യത്തിലും എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വളർച്ച, വികസനം എന്ന ആശയത്തിലൂന്നിയാണ് പാർട്ടിയുടെ പ്രവർത്തനമെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും പാർട്ടി എംപിയോട് പറഞ്ഞു. വിഷയത്തിൽ കങ്കണ പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്ര ബലാത്സംഗ കേസ്; പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, തിരിച്ചറിയൽ പരേഡ് നടത്തും

കർഷക സമര ശക്തി കേന്ദ്രമായ ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് കങ്കണയുടെ കർഷക വിരുദ്ധ പരാമർശം. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് വിജയിച്ച് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത കങ്കണ മുംബൈയിൽ നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം നടത്തിയത്.

"ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു. കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങൾ പിൻവലിച്ചതോടെ രാജ്യം മുഴുവൻ അമ്പരന്നു. ഇപ്പോഴും ആ കർഷകർ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങൾ റദ്ദാക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിൽ” എന്നാണ് കങ്കണ പറഞ്ഞത്.

ബംഗാളി നടിയുടെ പരാതിയിൽ അന്വേഷണം; രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും

അതേസമയം കങ്കണയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എംപി പറഞ്ഞ പരാമർശത്തോട് യോജിക്കുന്നില്ലെങ്കിൽ പാർട്ടി അവരെ പുറത്താക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. കർഷകരെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തിയ വ്യക്തി പാർലമെൻ്റിൽ തുടരാൻ അർഹയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

കങ്കണയുടെ പരാമർശത്തിൽ അങ്ങേയറ്റം ദുഖമുണ്ടാക്കുന്നതാണെന്നായിരുന്നു സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം. പലപ്പോഴും കർഷകരെ നിരന്തരം അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തുന്ന വ്യക്തിയായ കങ്കണ, ഇപ്പോൾ കർഷകരെ കൊലപാതകികൾ, ബലാത്സംഗം ചെയ്യുന്നവർ, ഗൂഢാലോചനക്കാർ, ദേശവിരുദ്ധർ എന്നിങ്ങനെയാണ് പരാമർശിച്ചത്. ഇത് അങ്ങേയറ്റം വേദനാജനകമാണെന്നും എസ്കെഎം നേതാവ് ജഗ്മോഹൻ സിംഗ് പറഞ്ഞു. അധിക്ഷേപങ്ങളും ബോധപൂർവമായ പ്രകോപനങ്ങളും ഉണ്ടായിരുന്നിട്ടും, കർഷക വിരുദ്ധ നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധങ്ങൾ സമാധാനപരവും നിയമാനുസൃതവുമായിരിക്കുമെന്ന ഉറപ്പ് നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കങ്കണ മാപ്പ് പറയണമെന്നും സിംഗ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image