ബെംഗളൂരു: ഓർഡർ ചെയ്ത് വെറും 13 മിനിറ്റിനുള്ളിൽ ഫ്ളിപ്പ്കാര്ട്ടിൽ നിന്ന് ലാപ്ടോപ്പ് ലഭിച്ച കഥ സമൂഹമാധ്യമത്തിൽ പങ്കുവെച്ചപ്പോൾ ഉപഭോക്താവിനെ തേടി ഫ്ളിപ്പ്കാര്ട്ടിൻ്റെ സമ്മാനമെത്തി. ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്വെയർ ഡെവലപ്പർ സണ്ണി ആർ ഗുപ്തയ്ക്കാണ് ഫ്ളിപ്പ്കാര്ട്ടിന്റെ സമ്മാനം ലഭിച്ചത്. ലാപ്ടോപ്പ് ബാഗാണ് ഫ്ളിപ്പ് കാർട്ട് ഗുപ്തന് നൽകിയ സമ്മാനം. ഗുപ്ത തൻ്റെ അനുഭവം എക്സിലൂടെയാണ് പങ്കുവെച്ചത്.
ബെംഗളൂരുവിലെ സ്റ്റാർബക്സിലെ ഒരു മീറ്റപ്പിൽ പങ്കെടുക്കുമ്പോൾ, ഫ്ലിപ്പ്കാർട്ട് അടുത്തിടെ അവതരിപ്പിച്ച 'ഫ്ലിപ്പ്കാർട്ട് മിനിറ്റ്' സേവനത്തിലൂടെ ഒരു ലാപ്ടോപ്പ് ഓർഡർ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. ബെംഗളൂരുവിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 15 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്യുന്ന ഓപ്ഷനിലാരുന്നു ഓർഡർ ചെയ്തത്. 95,000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ വിലയുള്ള 'Acer Predator' ലാപ്ടോപ്പാണ് അദ്ദേഹം ഓര്ഡര് ചെയ്തത്. ഓര്ഡര് ചെയ്ത് 13 മിനിറ്റിനുള്ളിൽ ലാപ്ടോപ്പ് ലഭിച്ചത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ വിവരമാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കിട്ടത്.
'ഞാൻ ഒരു പുതിയ ലാപ്ടോപ്പിനായി തിരഞ്ഞപ്പോള്, ഫ്ലിപ്പ്കാർട്ടിൽ 15 മിനിറ്റിലുള്ള ഡെലിവറി ഓപ്ഷൻ ശ്രദ്ധയിൽപ്പെട്ടു. സാധാരണ ഡെലിവറിക്കായി ദിവസങ്ങളോളം കാത്തിരിക്കുന്നതിനേക്കാൾ കൂടുതൽ സൗകര്യപ്രദമാകുമെന്ന് ഞാൻ കരുതി, എന്നെ ഇത് അത്ഭുതപ്പെടുത്തി, ഞാൻ സ്റ്റാർബക്സിൽ ആയിരിക്കുമ്പോൾ തന്നെ 13 മിനിറ്റിനുള്ളിൽ ലാപ്ടോപ്പ് എത്തി', ഗുപ്ത കുറിച്ചു. പോസ്റ്റ് വൈറൽ ആവുകയും ഫ്ളിപ്കാർട്ടിൻ്റെ അതിവേഗ ഡെലിവറിയെ നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
പോസ്റ്റിന് പിന്നാലെ പ്രിയപ്പെട്ട ഉപഭോക്താവിന് ഒരു സമ്മാനം നൽകാൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട് തീരുമാനിക്കുകയായിരുന്നു. ഒപ്പം അദ്ദേഹത്തിൻ്റെ അനുഭവം സൃഷ്ടിച്ച അപ്രതീക്ഷിത പരസ്യത്തിന് നന്ദിയും ഫ്ളിപ്പ്കാര്ട്ട് അറിയിച്ചു. എന്നാല് തൻ്റെ പോസ്റ്റ് ഏതെങ്കിലും മാർക്കറ്റിംഗ് കാമ്പെയ്നിൻ്റെ ഭാഗമല്ലെന്നും എന്നാൽ സേവനത്തോടുള്ള തൻ്റെ യഥാർത്ഥ പ്രതികരണമായിരുന്നുവെന്നും ഗുപ്ത വ്യക്തമാക്കുകയും ചെയ്തു.
'ഇതൊരു ആസൂത്രിത പ്രമോഷനോ മാർക്കറ്റിംഗ് സ്റ്റണ്ടോ ആയിരുന്നില്ല എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പോസ്റ്റുകൾ എൻ്റെ വ്യക്തിപരമായ അനുഭവം മാത്രമായിരുന്നു, യഥാർത്ഥ ആശ്ചര്യവും ആവേശവും കൊണ്ട് പങ്കിട്ടതാണ്,' ഗുപ്ത എക്സിൽ കുറിച്ചു.