ബംഗളുരു: രേണുക സ്വാമി കൊലക്കേസ് പ്രതി നടൻ ദർശനെ ഇന്ന് ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മാറ്റിയേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം ജയിൽ മാറ്റാനായുള്ള നടപടികൾ ജയിൽ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ബെലഗാവി സെൻട്രൽ ജയിലേക്കാവും പ്രതിയെ മാറ്റുക.
പരപ്പന അഗ്രഹാര ജയിലിൽ ദർശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്നതിനെ തുടർന്നാണ് നടപടി. ദർശനൊപ്പം ജയിലിൽ കഴിയുന്ന മാനേജർ നാഗരാജ് കുപ്രസിദ്ധ ഗുണ്ടാ വിൽസൺ ഗാർഡൻ നാഗ, കുള്ള സീന എന്ന ശ്രീനിവാസ് എന്നിവരെയും മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റും.
രണ്ട് ഗുണ്ടാ തലവന്മാർക്കൊപ്പം ചായയും സിഗരറ്റുമായി ജയിൽ വളപ്പിൽ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദര്ശന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. തുടർന്ന് ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജയിലർ, സൂപ്രണ്ട് ഉൾപ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലിന് പരിസരം ജനവാസ കേന്ദ്രമായതിനാൽ ജയിലിൽ ജാമറിന്റെ ഫ്രീക്വൻസി കൂട്ടാനാവില്ലെന്നും ഇത് പ്രതികൾ മുതലെടുക്കുകയാണെന്നും കർണാട ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു .