ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ മാനേജ്മെൻ്റ് സർവീസ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സതീഷ് കുമാറിനെ നിയമിച്ചു. പട്ടികജാതി-ദളിത് വിഭാഗത്തിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് സതീഷ് കുമാർ. നിലവിലെ ചെയർപേഴ്സണും സിഇഒയുമായ ജയ വർമ്മ സിൻഹ ഓഗസ്റ്റ് 31 നാണ് വിരമിക്കുക. സെപ്റ്റംബർ ഒന്നിനാണ് സതീഷ് കുമാർ ചുമതലയേല്ക്കുക.
1986-ലെ ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്സിൻ്റെ ബാച്ചിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു സതീഷ് കുമാർ. 34 വർഷത്തിലേറെ നീണ്ട സർവീസിൽ ഇന്ത്യൻ റെയിൽവേ ഡിപ്പാർട്ട്മെന്റിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥനാണ് സതീഷ് കുമാർ. 2022 നവംബർ എട്ടിനാണ് അദ്ദേഹം നോർത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജരായി ചുമതലയേറ്റത്. ജയ്പ്പൂരിലെ പ്രശസ്തമായ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് സതീഷ് കുമാർ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയത്.
1988 മാർച്ചിൽ ഇന്ത്യൻ റെയിൽവേയിൽ തൻ്റെ കരിയർ ആരംഭിച്ച കുമാർ അതിനുശേഷം ഒന്നിലധികം സോണുകളിലും ഡിവിഷനുകളിലുമായി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഭരണകാലത്തുടനീളം, നവീകരണങ്ങൾ നടത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും റെയിൽവേ സംവിധാനത്തിനുള്ളിൽ നിർണായകമായ സുരക്ഷാ മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കുന്നതിനും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.