ബംഗാളിലും വേണം 'ഹേമ കമ്മിറ്റി' മോഡൽ; ആവശ്യവുമായി സിനിമാ താരങ്ങൾ

സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം നിർബന്ധമാക്കണമെന്ന് ആവശ്യം

dot image

കൊൽക്കത്ത: മലയാള സിനിമയിൽ പ്രവർത്തകർ നേരിടുന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി മോഡൽ ബംഗാളിലും നടപ്പാക്കണമെന്ന് ആവശ്യം. ബംഗാളി സിനിമയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമൻസ് ഫോറം ഫോർ സ്ക്രീൻ വർക്കേഴ്സ് ആണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷിത തൊഴിലിടം നിർബന്ധമാക്കണം, ഇൻ്റേണൽ കമ്മിറ്റികൾ രൂപീകരിക്കണം, ഇരകൾക്കും അതിജീവിച്ചവർക്കും വേണ്ടി ഹെൽപ്പ് ലൈൻ സജ്ജമാക്കണം എന്നിവയാണ് ഇവര് ഉന്നയിക്കുന്ന ആവശ്യം. ഈ ആവശ്യങ്ങൾ ഉയർത്തിയുള്ള കത്ത് താരങ്ങൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നൽകി. സംഘടനയിലെ 100 ഓളം പ്രവർത്തകർ ചേർന്ന് തയ്യാറാക്കിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. അപർണ സെൻ, അനുരാധ റേ, സ്വാസ്തിക മുഖർജി, രൂപ ഗാംഗുലി, സൊഹിനി സർക്കാർ, തുടങ്ങിയ 100 ഓളം പേർ ഒപ്പിട്ട നിവേദനമാണ് മമതാ ബാനർജിക്ക് നൽകിയിരിക്കുന്നത്.

മലയാള സിനിമയിൽ നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ നിയമിച്ച ഹേമ കമ്മിറ്റി വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ തങ്ങൾ നേരിട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തി. ജൂനിയർ ആർട്ടിസ്റ്റുകൾ മുതൽ മുൻനിര താരങ്ങൾ വരെ സിനിമയിലെ പവർ ഗ്രൂപ്പിന്റെ നടപടികൾക്ക് ഇരകളായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മാത്രമല്ല, പ്രമുഖ താരങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മലയാളത്തിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ഭരണ സമിതി പിരിച്ചുവിടേണ്ടിവന്നു. അമ്മയുടെ ജനറൽ സെക്രട്ടറിയായിരിക്കെ ലൈംഗികാരോപണം ഉയർന്നതോടെ ആദ്യം രാജിവച്ചത് നടൻ സിദ്ദിഖാണ്. ബലാത്സംഗക്കേസാണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണങ്ങള് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ കേരള സർക്കാർ നിയമിച്ചിട്ടുണ്ട്.

സിപിഐഎം എംഎൽഎയായ മുകേഷിനെതിരെ ഒന്നിലധികം പേരാണ് ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. മുകേഷ് നിരന്തരം ശല്യം ചെയ്തതായി ആരോപണമുയർന്നത് രാഷ്ട്രീയ രംഗത്തും വലിയ വിവാദമായിരിക്കുകയാണ്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

dot image
To advertise here,contact us
dot image