ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനും തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കും കാരണക്കാരായ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമാ കളക്ടീവ്) അംഗങ്ങളാണ് തന്റെ ഹീറോസെന്ന് ദക്ഷിണേന്ത്യൻ പിന്നണി ഗായിക ചിന്മയി ശ്രീപദ. ലൈംഗികാതിക്രമത്തിനെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് മലയാളി സമൂഹം നൽകുന്ന പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചുപോവുകയാണെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ചിന്മയി പറഞ്ഞു. തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഇതരഭാഷാ സിനിമാ മേഖലകളിലെ സ്ത്രീകൾക്ക് സമാന പിന്തുണ ലഭിക്കാത്തതിലുള്ള ആശങ്കയും ചിന്മയി പങ്കുവച്ചു.
'ഹേമ കമ്മിറ്റിയുടെ പിന്നിൽ പ്രവർത്തിച്ചവരെയും ഡബ്ല്യുസിസി അംഗങ്ങളുടെ കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നു. ഡബ്ല്യൂസിസി അംഗങ്ങളാണ് എന്റെ ഹീറോസ്. അവർ ഹേമ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടു, ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിന് ലഭിക്കുന്ന പിന്തുണകള് കാണുമ്പോള് കേരളത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതിനുവേണ്ടി സ്ത്രീകൾ ഒറ്റക്കെട്ടായി നിന്നു. ഇതൊന്നും ഇതര ഭാഷാ സിനിമാ മേഖലയില് കാണാൻ സാധിക്കില്ല. ലൈംഗികാതിക്രമ പരാതിയുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. എനിക്കിതുവരെ ഇത്തമൊരു പിന്തുണ ലഭിച്ചിട്ടില്ല.'; ചിന്മയി കൂട്ടിചേർത്തു.
തമിഴ് സിനിമയിലെ പല പ്രധാനികൾക്കെതിരെയും മി ടൂ ആരോപണവുമായി മുന്നോട്ടുവന്നയാളാണ് ചിന്മയി. 2018ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരെയായിരുന്നു ചിന്മയി ആദ്യമായി ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ നടൻ രാധാ രവിക്കെതിരെയും രംഗത്തെത്തിയിരുന്നു. മിക്ക കുറ്റവാളികളും സിനിമയിൽ ഒരുമിച്ച് നിന്നാണ് പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. ‘അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും കൂട്ടുകെട്ട്’ എന്നാണ് ചിന്മയി വിശേഷിപ്പിച്ചത്. അധികാര ലോബി എല്ലായിടത്തും നിലവിലുണ്ട്. രാഷ്ട്രീയ ബന്ധങ്ങളും സിനിമാ മേഖലയിലെ സഹപ്രവർത്തകരുടെ പിന്തുണയുമാണ് ഈ കുറ്റവാളികൾക്ക് തുണയാകുന്നതെന്നും അവർ വ്യക്തമാക്കി.
മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; മാധ്യമപ്രവർത്തകർക്കെതിരെ സുരേഷ് ഗോപിയുടെ പരാതി