ലഖ്നോ: കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും മുഹമ്മദാലി ജിന്നയുടെ ബാധ കയറിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരു പാർട്ടികളും സമൂഹത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ജിന്നയുടെ പാരമ്പര്യം പിന്തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാജ്യത്തെ വിഭജിക്കുക എന്ന ഗുരുതരമായ പാപം ജിന്ന ചെയ്തു. അത് അദ്ദേഹത്തിൻ്റെ ശ്വാസം മുട്ടിയുള്ള മരണത്തിലേക്കും നയിച്ചു. സമൂഹത്തെ വിഭജിച്ച് എസ്പിയും കോൺഗ്രസും സമാന പാപമാണ് ചെയ്യുന്നത്," യോഗി ആദിത്യനാഫ് പറഞ്ഞു.
അയോധ്യ, കനൗജ്, കൽക്കട്ട എന്നിവിടങ്ങളിലെ ബലാത്സംഗക്കേസുകളിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ മൗനത്തെയും ആദിത്യനാഥ് വിമർശിച്ചു. സമൂഹത്തെ ജാതിയുടെയും പ്രദേശത്തിൻ്റെയും അടിസ്ഥാനത്തിൽ വിഭജിച്ചുകൊണ്ട് രാജ്യത്തിൻ്റെ സാമൂഹിക ഘടനയെ നശിപ്പിച്ചത് പ്രതിപക്ഷ സർക്കാരുകളാണ്. എന്നാൽ ബിജെപി സർക്കാർ വിവേചനമില്ലാതെ എല്ലാവർക്കും വീടും ജോലിയും വൈദ്യുതിയും നൽകുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.
കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിവർ അധികാരത്തിലിരുന്നപ്പോൾ അവർ സാമൂഹിക ഘടനയെ തകർത്തു." പ്രീണന പദ്ധതികളിലൂടെ സമൂഹത്തെ വികസനത്തിൽ നിന്ന് അകറ്റിയ അവർ രാജ്യത്തിൻ്റെ സുരക്ഷയെ ഹനിക്കുന്ന തരത്തിലാണ് പ്രവർത്തിച്ചതെന്നും ഇന്നും അത് തന്നെയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പണ്ട് ഇതേ സമാജ് വാദി പാർട്ടി തന്നെയാണ് ആൺകുട്ടികൾ തെറ്റ് ചെയ്യും എന്ന് പറഞ്ഞ് തെറ്റിനെ നിസാരവത്ക്കരിച്ചത്. സ്ത്രീകളുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയതിന് പാർട്ടി ഉത്തരവാദികളാണ്. അവർ സ്ത്രീസുരക്ഷയെ കുറിച്ച് പറയാൻ അർഹരല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ രാജ്യത്തിൻ്റെ ഹീറോകളെ അവഹേളിച്ചുവെന്നും എന്നാൽ ബിജെപി ഇവരെ ബഹുമാനിക്കുന്നവരാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.