ന്യൂഡൽഹി: പ്രമുഖരുടെ പേരുകളിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണം കടം ചോദിക്കുന്ന തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. താരങ്ങൾക്ക് പുറമെ രാഷ്ട്രീയ പ്രവർത്തകർ, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, എന്തിനധികം മുഖ്യമന്ത്രി വരെ തട്ടിപ്പുകാരുടെ ഇരയായിട്ടുണ്ട്. ഇപ്പോഴിതാ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രക്ഷയില്ലാതായിരിക്കുകയാണ്.
എക്സിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ടാക്സിക്ക് കൊടുക്കാൻ 500 രൂപ അയയ്ക്കാമോ എന്നാണ് സന്ദേശത്തിലെ ചോദ്യം. കൈലാഷ് മേഘ്വാൾ എന്നയാൾക്കാണ് തട്ടിപ്പുകാർ സന്ദേശമയച്ചത്. കൊളീജിയത്തിൽ അടിയന്തര യോഗത്തിന് എത്തിയതാണ് എന്നതായിരുന്നു വാദം.
‘ഞാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആണ്. ഞങ്ങൾക്ക് കൊളീജിയത്തിൽ ഒരു അടിയന്തര യോഗമുണ്ട്. കൊണാട്പ്ലേസിൽ പെട്ടിരിക്കുകയാണ്. ടാക്സിക്ക് നൽകാൻ 500 രൂപ അയയ്ക്കാമോ? കോടതിയിലെത്തിയാൽ ഉടനെ തിരിച്ചയക്കാം‘ എന്നായിരുന്നു സന്ദേശത്തിൻ്റെ ഉള്ളടക്കം.
മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യമില്ല, പകരം വേണ്ടത് തുരങ്കം: മെട്രോമാൻ ഇ ശ്രീധരൻസന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ സുപ്രീം കോടതി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ഡൽഹി പൊലീസ് സൈബർ ക്രൈം വിഭാഗം കേസെടുത്തു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.