അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡികെ ശിവകുമാറിന് ആശ്വാസം, അന്വേഷണം തുടരണമെന്ന സിബിഐ ഹർജിതള്ളി

നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്

dot image

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെതിരായ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി. നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലും ഹൈക്കോടതിയെ സമീപിച്ചത്. ഹർജികൾ ഈ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിബിഐയും സംസ്ഥാന സർക്കാരും ഉൾപ്പെട്ട കേസായതിനാൽ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

2013 ഏപ്രിൽ 1-നും 2018 ഏപ്രിൽ 30-നും ഇടയിൽ ഡി കെ ശിവകുമാറും കുടുംബാംഗങ്ങളും 74.8 കോടിയോളം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തൽ. സുപ്രീം കോടതിയുടെ ഏത് വിധിയും ദൈവത്തിൻ്റെ തീരുമാനമായി അംഗീകരിക്കുമെന്ന് ശിവകുമാർ പറഞ്ഞു. "ഞാൻ കോടതികളിൽ വിശ്വസിക്കുന്നു.. ഞാൻ ദൈവത്തിലും വിശ്വസിക്കുന്നു. കോടതി വിധി ദൈവ വിധിയായി അംഗീകരിക്കും...", അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സിബിഐ സമർപ്പിച്ച എഫ്ഐആർ ചോദ്യം ചെയ്ത് ഡി കെ ശിവകുമാർ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ജൂലൈ 15 -ന് തള്ളിയിരുന്നു. 2023 ഒക്ടോബറിൽ ഹൈക്കോടതി അദ്ദേഹത്തിൻ്റെ അപേക്ഷ നിരസിക്കുകയും കേസിൽ അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഫെഡറൽ ഏജൻസിയോട് നിർദേശിക്കുകയും ചെയ്തു. 2020 സെപ്റ്റംബറിൽ ശിവകുമാറിനെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്തു. അതിൽ 2013-നും 2018-നും ഇടയിൽ അദ്ദേഹം അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ചു. ആ കാലയളവിൽ അദ്ദേഹം അന്നത്തെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us