നടക്കുന്നത് അപകീർത്തി പ്രചരണം; വിദ്യാര്ത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം നിഷേധിച്ച് മമത

വിദ്യാര്ത്ഥികള്ക്കോ അവരുടെ പ്രതിഷേധങ്ങള്ക്കോ എതിരായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്ന് മമത

dot image

കൊല്ക്കത്ത: യുവ ഡോക്ടര് കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധിച്ച ഡോക്ടര്മാരെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി ആരോപണം തള്ളി പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി. ആര് ജി കര് ആശുപത്രിയില് യുവ ഡോക്ടര് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് ബംഗാളില് പ്രതിഷേധം കനക്കുമ്പോഴായിരുന്നു മമതയ്ക്കെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. തനിക്കെതിരെ നടക്കുന്നത് വിദ്വേഷപരവും അപകീര്ത്തിപരവുമായ പ്രചരണമാണെന്ന് മമത അപലപിച്ചു. സാമൂഹ്യ മാധ്യമമായ എക്സിലൂടെയായിരുന്നു മമതയുടെ പ്രതികരണം.

'വിദ്യാര്ത്ഥികള്ക്കോ അവരുടെ പ്രതിഷേധങ്ങള്ക്കോ എതിരായി ഞാന് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഞാന് അവരുടെ മൂവ്മെൻ്റിനെ പൂര്ണമായും പിന്തുണക്കുന്നു. അവരുടെ മൂവ്മെന്റുകള് ആത്മാര്ത്ഥതയുള്ളതാണ്. ചിലയാളുകള് ആരോപിക്കുന്നത് പോലെ ഞാനൊരിക്കലും അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഈ ആരോപണങ്ങള് പൂര്ണമായും തെറ്റാണ്,' മമത പറഞ്ഞു. കേന്ദ്ര സര്ക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്തിന്റെ ജനാധിപത്യത്തിന് ഭീഷണിയാകുന്ന, അരാജകത്വം സൃഷ്ടിക്കുന്ന ബിജെപിക്കെതിരെ താന് സംസാരിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. കേന്ദ്രത്തിന്റെ പിന്തുണയോടെ നിയമലംഘന പ്രവര്ത്തനങ്ങള് നടത്തുകയാണ് ബിജെപിയെന്നും അവര് കൂട്ടിച്ചേര്ത്തു.

ഡോക്ടർമാരെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം മമത സംസാരിച്ചിരുന്നു. 'നിങ്ങള് അസ്വസ്ഥരാണെന്ന് അറിയുന്നത് കൊണ്ട് തന്നെ ഞങ്ങള് നിങ്ങളുടെ പ്രതിഷേധത്തിനെതിരെ നടപടിയെടുത്തില്ല. പക്ഷേ പതുക്കെ നിങ്ങള് ജോലിയില് പ്രവേശിക്കണം. സംസ്ഥാന സര്ക്കാരിന് നടപടിയെടുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. അവര്ക്ക് ശരിയായി പഠിക്കാന് സാധിക്കണമെന്നതിനാല് ഞാന് നടപടിയെടുക്കുന്നില്ല. എഫ്ഐആര് രജിസ്റ്റര് ചെയ്താല് അവരുടെ ഭാവി പ്രതിസന്ധിയിലാകും. അവര്ക്ക് എവിടെയും അവസരം ലഭിക്കില്ല. അവര്ക്ക് പാസ്പോര്ട്ടോ വിസയോ ലഭിക്കില്ല. അവര്ക്കെതിരെ നിയമനടപടിയെടുത്താലും അവരുടെ ജീവിതം നശിച്ചുപോകും. ഞങ്ങളുടെ സര്ക്കാരിന് മാനുഷിക വീക്ഷണമുണ്ട്. ഈ വീക്ഷണത്തില് നമുക്ക് ഒരുപാട് ഡോക്ടര്മാരെ സൃഷ്ടിക്കേണ്ടതുണ്ട്,' എന്നായിരുന്നു മമത പറഞ്ഞത്. കോടതി ഉത്തരവിന് പിന്നാലെ കേസന്വേഷണം കൊല്ക്കത്ത പൊലീസില് നിന്നും സിബിഐ ഏറ്റെടുത്തതിന് ശേഷം എന്തെങ്കിലും വഴിത്തിരിവുണ്ടായോയെന്നും അവര് ചോദിച്ചു.

യുവ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധിച്ച 200ലധികം വിദ്യാര്ത്ഥികള് അറസ്റ്റില്, ഇന്ന് ബിജെപി ബന്ദ്

എന്നാല് മമതയുടെ ഈ പ്രസംഗത്തിന് പിന്നാലെയാണ് ഡോക്ടര്മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് സുധന്ഷു ത്രിവേദി രംഗത്തെത്തിയത്. 'അന്വേഷണം വഴിത്തിരിച്ചുവിട്ടതിനും തെളിവുകള് നശിപ്പിച്ചതിനും പ്രതികളെ സംരക്ഷിച്ചതിനും ശേഷം ഡോക്ടര്മാരെ ഭീഷണിപ്പെടുത്തുന്ന തന്ത്രം ആരംഭിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള് ശ്രദ്ധിക്കുക. ഡോക്ടര്മാരുടെ കരിയര് ഇല്ലാതാകുന്നത് കൊണ്ട് അവര്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് പറ്റില്ലെന്നാണ് അവര് പറയുന്നത്. മമത ബാനര്ജി ഡോക്ടര്മാരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്,' എന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം.

എന്നാല് തങ്ങളുടെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്ത്ഥികളും അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള് സ്വീകരിക്കുമെന്ന സുപ്രീം കോടതിയുടെ ഉറപ്പും നാഷണല് ടാസ്ക് ഫോഴ്സിനെ സ്ഥാപിച്ചതും കണക്കിലെടുത്ത് രാജ്യത്ത് പ്രതിഷേധിക്കുന്ന ഡോക്ടര്മാര് തിരികെ ജോലിയില് പ്രവേശിച്ചിരുന്നു. അതേസമയം കൊല്ക്കത്തയില് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us