ജഗൻമോഹൻ റെഡ്ഡിക്ക് തിരിച്ചടി; പാർട്ടി അംഗത്വം രാജിവച്ച് രാജ്യസഭാ എംപിമാർ ടിഡിപിയിലേക്ക്

ഇരുവരും ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയിൽ ചേരും

dot image

ഹൈദരാബാദ്: നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വൻ പരാജയത്തിന് പിന്നാലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്ക് തിരിച്ചടിയായി രണ്ട് എംപിമാരുടെ രാജി. രാജ്യസഭാ അംഗങ്ങളായ മോപിദേവി വെങ്കടരാമണ്ണയും ബേഡാ മസ്താൻ റാവുവുമാണ് രാജ്യസഭാ അംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചത്. രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകർ ഇരുവരുടെയും രാജി സ്വീകരിച്ചു. 2026 വരെ രാജ്യസഭയിൽ കാലാവധിയിരിക്കെയാണ് വെങ്കട്ടരാമണ്ണയുടെ രാജി. 2028 വരെയാണ് റാവുവിന് കാലാവധി ഉണ്ടായിരുന്നത്.

ഇരുവരും ആന്ധ്രാ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയിൽ ചേരും. ഇരുവരും ചന്ദ്രബാബു നായിഡുവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റുകൾ തൂത്തുവാരിയായിരുന്നു ടിഡിപിയുടെ വിജയം. എന്നാൽ വൈഎസ്ആർ കോൺഗ്രസാകട്ടെ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

ഇതോടെ രാജ്യസഭയിൽ ഒമ്പതും ലോക്സഭയിൽ നാല് അംഗങ്ങളുമാണ് വൈഎസ്ആർസിപിക്ക് ഉണ്ടാവുക. രാജിവച്ച വെങ്കട്ടരാമണ്ണയും റാവുവും ടിഡിപിയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. 2019 മുതൽ രാജ്യസഭയിൽ സീറ്റില്ലാതിരുന്ന ടിഡിപിക്ക് ഇത് വലിയ അവസരമാണ്.

2009 മുതൽ 2014 വരെ ആന്ധ്രയിലെ കാവലി മണ്ഡലത്തിൽ നിന്നുള്ള ടിഡിപി ജനപ്രതിനിധിയായിരുന്നു റാവു. 2019 ൽ റാവു വൈഎസ്ആർസിപിയിൽ ചേർന്നു. വെങ്കട്ടരാമണ്ണ കോൺഗ്രസിൽ നിന്നാണ് വൈഎസ്ആർസിപിയിലെത്തുന്നത്. രണ്ട് തവണ എംഎൽഎയും ജഗൻമോഹൻ റെഡ്ഡിയുടെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ക്ഷീണത്തിൽ നിന്ന് ഇതുവരെയും കരകയറാനായിട്ടില്ലാത്ത വൈഎസ്ആർസിപിക്ക് വലിയ തിരിച്ചടിയാണ് ഇരു നേതാക്കളുടെയും രാജി. ലോക്സഭയിൽ നാല് അംഗങ്ങൾ മാത്രമായിരിക്കെ രാജ്യസഭയിലെ രണ്ട് അംഗങ്ങൾ രാജിവെക്കുക കൂടി ചെയ്തതോടെ ഡൽഹിയിൽ പാർട്ടിക്കുള്ള സ്വാധീനം അപ്പാടെ കുറയുകയാണ്. അതേസമയം ബിജെപിക്ക് ഗുണം ചെയ്യുന്നതുകൂടിയാണ് ഈ നീക്കം. വൈഎസ്ആർസിപിയുടെ രണ്ട് നേതാക്കൾ സഖ്യ കക്ഷിയായ ടിഡിപിയിലേക്ക് ചേക്കേറുന്നത് എൻഡിഎ രാജ്യസഭയിലുളള അംഗബലം കൂട്ടും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us