ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ വെച്ചാണ് സോറൻ പാർട്ടി അംഗത്വം സ്വീകരിച്ചത്. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നായിരുന്നു ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള സോറന്റെ പ്രതികരണം. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ചംപയ് സോറന്റെ രാഷ്ട്രീയ മാറ്റം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ജാർഖണ്ഡ് മുക്തി മോർച്ചയുടെ മുതിർന്ന നേതാവുകൂടിയായ ചംപയ് സോറന്റെ രാഷ്ട്രീയ മാറ്റം തിരഞ്ഞെടുപ്പിൽ ജെഎംഎമ്മിനെ ബാധിക്കുമെന്നതിൽ സംശയമില്ല.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ താൻ അപമാനിക്കപ്പെട്ടുവെന്ന് ചംപയ് കുറിച്ചിരുന്നു. നേരത്തെ ചംപയ് സോറൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തിരഞ്ഞെടുക്കാൻ തന്നെ നിർബന്ധിതനാക്കുന്നതായും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കുരുക്കുമുറുക്കിയതോടെ സ്ഥാനമൊഴിഞ്ഞ ഹേമന്ത് സോറന് പകരക്കാരനായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയതായിരുന്നു ചംപയ് സോറൻ.
അഞ്ച് മാസങ്ങൾക്ക് ശേഷം ഹേമന്ത് സോറൻ ജയിലിൽ നിന്ന് തിരിച്ചെത്തിയതോടെ ചംപയ് സ്ഥാനമൊഴിയുകയായിരുന്നു. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. അധികാര തകർക്കവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനുമായി അകൽച്ചയിലാണ്. ജാർഖണ്ഡിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒബിസി വിഭാഗത്തിൻറെ പിന്തുണ ലഭിച്ചിരുന്നെങ്കിലും ഗോത്ര വിഭാഗത്തിൻറെ പിന്തുണ ബിജെപിയ്ക്ക് ലഭിച്ചിരുന്നില്ല. ചംപയ് സോറന്റെ പാർട്ടി പ്രവേശനത്തിലൂടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.