ജമ്മു കശ്മീർ ബിജെപിയിൽ പൊട്ടിത്തെറി; രണ്ട് നേതാക്കൾ രാജിവെച്ചു

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് രാജിക്ക് പിന്നിൽ

dot image

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് നേതാക്കൾ പാർട്ടി വിട്ടു. സാംപ ജില്ല അധ്യക്ഷൻ കശ്മീർ സിങ്, യുവമോർച്ച ജമ്മു ജില്ല പ്രസിഡന്റ് കനവ് ശർമ എന്നിവരാണ് പാർട്ടി വിട്ടത്.

ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ മുൻ ജമ്മു കശ്മീർ മന്ത്രി സുർജിത് സിംഗ് സ്ലാത്തിയയുടെ സ്ഥാനാർത്ഥിത്വത്തിനെതിരായാണ് കശ്മീർ സിങ്ങിന്റെ രാജി. 42 വർഷത്തെ പാർട്ടി പ്രവർത്തനത്തിൽ നിന്നും ഏറെ ദുഖത്തോടെ രാജിവെക്കുന്നു. വർഷങ്ങളായി നാഷണൽ കോൺഫറൻസ് പ്രത്യയശാസ്ത്രത്തെ പിന്തുണച്ച് ബിജെപി ആശയങ്ങളെ എതിർത്ത വ്യക്തിക്ക് പാർട്ടി ടിക്കറ്റ് നൽകിയതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാംബയിൽ പാർട്ടിെ ശക്തിപ്പെടുത്തുന്നതിൽ താൻ പ്രധാന പങ്കുവഹിച്ചു. ബിജെപിയുടെയും ജനസംഘ് നേതാവ് ശ്യാമ പ്രസാദിന്റേയും ആശയങ്ങളെ പ്രചരിപ്പിക്കാനും ഏറെ പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കാൻ പോരാടിയിട്ടും പാർട്ടി ടിക്കറ്റ് നൽകിയത് മുൻ എൻസി നേതാവിനാണ്. ഇത് സാധാരണ പാർട്ടി പ്രവർത്തകരോടുള്ള വിവേചനമാണെന്നും സിങ് പറഞ്ഞു. സ്ലാത്തിയക്ക് പകരം മറ്റൊരു മുതിർന്ന ബിജെപി നേതാവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ രാജി പിൻവലിക്കുമെന്നും കശ്മീർ സിങ് വ്യക്തമാക്കി. അല്ലാത്തപക്ഷം സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021ലാണ് കോൺഗ്രസ്-എൻസി സഖ്യസർക്കാരിൽ മന്ത്രിയായിരുന്ന സ്ലാത്തിയ ബിജെപിയിൽ ചേരുന്നത്. ഈസ്റ്റ് ജമ്മുവിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് ഭാരതീയ ജനത യുവമോർച്ച നേതാവ് കനവ് കുമാർ രാജിവെച്ചത്. പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ച യുധിർ സേതിയെ തീരുമാനിച്ചതാണ് കനവ് കുമാറിനെ പ്രകോപിപ്പിച്ചത്.

സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us