ന്യൂഡൽഹി: 103 ദിവസത്തിനുള്ളിൽ രാജ്യത്ത് 47 കടുവകൾ ചത്തതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ). സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവകൾ ചത്തത്. 17 കടുവകളാണ് സംസ്ഥാനത്ത് ചത്തത്. മഹാരാഷ്ട്രയിൽ 11, കർണാടകയിൽ 6, ഉത്തർപ്രദേശിൽ 3, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ 2, ചണ്ഡിഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് കടുവകൾ ചത്തത്. കേരളത്തിൽ കഴിഞ്ഞ 103 ദിവസത്തിനുള്ളിൽ ചത്തത് രണ്ട് കടുവകളാണ്.
കഴിഞ്ഞവർഷം രാജ്യത്ത് 181 കടുവകളാണ് ചത്തത്. ഇതിൽ 44 എണ്ണം മാത്രമാണ് സ്വാഭാവിക മരണംമൂലം ചത്തത്. വേട്ടയ്ക്കിടെ 9 എണ്ണം ചത്തു. 128 എണ്ണത്തിന് എന്തു സംഭവിച്ചെന്നത് വ്യക്തമല്ല. 2022-ലെ കടുവ സെൻസസ് പ്രകാരം രാജ്യത്താകെ 3167 കടുവകളാണുള്ളത്. കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയിൽ 2018-ൽ 981 കടുവകളുണ്ടായിരുന്നെങ്കിൽ 2022 ൽ അത് 157 ആയി. കഴിഞ്ഞവർഷം മധ്യപ്രദേശിലും (43), മഹാരാഷ്ട്രയിലുമാണ് (45) ഏറ്റവുമധികം കടുവകൾ ചത്തത്. കേരളത്തിൽ 14 കടുവകൾ ചത്തു. എൻടിസിഎ കണക്കെടുപ്പിൽ കേരളത്തിലെ വനങ്ങളിൽ 213 കടുവകളുണ്ട്. കേരളത്തിലെ വനമേഖലയോട് ചേർന്നു കിടക്കുന്ന കർണാടകയിൽ 563 കടുവകളും തമിഴ്നാട്ടിൽ 306 കടുവകളുമാണുള്ളത്.