'ബിജെപി കാഴ്ചക്കാർ';ബീഫ് കൈവശം വച്ചെന്നാരോപിച്ചുണ്ടായ മർദനത്തിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

രാജ്യത്തുടനീളം ഭയത്തിന്റെ ഭരണമാണ് നിഴലിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

dot image

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മൗനം പാലിക്കുന്ന ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തുടനീളം ഭയത്തിന്റെ ഭരണമാണ് നിഴലിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം ബീഫ് കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുകയും വയോധികനെ മർദിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബിജെപി സർക്കാർ ഇത്തരം വിഷയങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് അതിക്രമങ്ങൾ വീണ്ടും സംഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപി സർക്കാർ ഇത്തരം കുറ്റക്കാരെ വെറുംകയ്യോടെ വിടുകയാണ്. അതുകൊണ്ടാണ് വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രതികൾക്ക് ധൈര്യം ലഭിക്കുന്നത്. ന്യുനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനെതിരായ അതിക്രമങ്ങൾ ദിനം പ്രതി ഉയരുമ്പോഴും ബിജെപി സർക്കാർ മൗനമായി അതെല്ലാം കണ്ടുനിൽക്കുകയാണ്, രാഹുൽ ഗാന്ധി പറഞ്ഞു.

ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ഐക്യത്തിനെതിരായ അതിക്രമങ്ങൾ അംഗീകരിക്കാനാവുന്നതല്ല. ബിജെപി എന്ത് ചെയ്യാൻ ശ്രമിച്ചാലും ഇന്ത്യയെ വെറുപ്പിൽ നിന്നും അടർത്തി ഐക്യത്തിലേക്ക് നയിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്വേഷ ശക്തികൾക്കെതിരെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് പാർട്ടി തുടരുമെന്നും രാഹുൽ പറഞ്ഞു.

ഓഗസ്റ്റ് 27ന് ബീഫ് കഴിച്ചെന്നാരോപിച്ച് അതിഥി തൊഴിലാളിയെ ഗോരക്ഷാ പ്രവർത്തകർ തല്ലിക്കൊന്നിരുന്നു. ആക്രിക്കച്ചവടക്കാരനായിരുന്ന സാബിർ മാലിഖിനെയും സുഹൃത്തിനെയും സാധനങ്ങൾ വിൽക്കാനുണ്ടെന്ന വ്യാജേന പ്രദേശത്തെ ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷമായിരുന്നു മർദ്ദനം. പ്രദേശവാസികൾ ഇടപെട്ടതോടെ ഇവർ സാബിറിനെയും സുഹൃത്തിനെയും മറ്റൊരു പ്രദേശത്ത് എത്തിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ബന്ദ്വ ജില്ലയിലെ കനാലിന് സമീപത്തുനിന്നായിരുന്നു സാബിറിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തായ അസീറുദ്ദീനെ മറ്റൊരിടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു.

മഹാരാഷ്ട്രയിലെ ധൂലെയിൽ ട്രെയിനിൽ യാത്രക്കാർ ഒരു വൃദ്ധനെ മർദിച്ചിരുന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us