സെബി ചെയർപേഴ്സണായിരിക്കെ ഐസിഐസിഐയിൽ നിന്ന് ശമ്പളമായി കൈപ്പറ്റിയത് കോടികൾ; മാധബി ബുച്ചിനെതിരെ പവൻഖേര

2017 മുതൽ 24 വരെ 16 കോടിയാണ് ശമ്പളമായി കൈപ്പറ്റിയിരിക്കുന്നത്.

dot image

ന്യൂഡൽഹി: സെബി ചെയർപേഴ്സണായിരിക്കെ മാധബി ബുച്ച് ഐസിഐസിഐയിൽ നിന്ന് ശമ്പളമായി വൻ തുക കൈപ്പറ്റിയെന്നും ഇത് ചട്ടലംഘനമെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര. 2017 മുതൽ 24 വരെ 16 കോടിയാണ് മാധബി ബുച്ച് ഐസിഐസിഐയിൽ നിന്ന് ശമ്പളമായി കൈപ്പറ്റിയിരിക്കുന്നത്. ഇതേസമയം സെബിയിൽ നിന്ന് 3 കോടി 30 ലക്ഷം രൂപയും ശമ്പള ഇനത്തിൽ കൈപ്പറ്റിയതായും പവൻ ഖേര ചൂണ്ടിക്കാട്ടി. ബുച്ച് ഇത്തരത്തിൽ ശമ്പളം വാങ്ങുന്ന കാലയളവിൽ ഐസിഐസിഐ ബാങ്കിന് നേരെയുള്ള പല അന്വേഷണങ്ങളും വഴിതിരിക്കപ്പെട്ടിരുന്നുവെന്നും ഖേര ആരോപിച്ചു.

സംഭവത്തിൽ മാധബി ബുച്ച് മറനീക്കി പുറത്ത് വരണമെന്നും വിശദീകരണം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധബി ബൂച്ചിനെ സെബി ചെയർപേഴ്സനായി നിയമിച്ചത് മോദിയും അമിത് ഷായും ചേർന്നാണ്. സെബി ചെയർപേഴ്സൺ നടത്തിയ ചട്ടലംഘനത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

മാധബി ബുച്ചിനെതിരെ ഗുരുതുര ആരോപണങ്ങൾ ആഴ്ചകൾക്ക് മുമ്പ് അമേരിക്കൻ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നു. അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമാണ് വെളിപ്പെടുത്തൽ. എന്നാൽ 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഒന്നര വർഷമായിട്ടും അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.

അദാനി ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബിയാണ് അന്വേഷണം നടത്തുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയായില്ല എന്ന വിമർശനം നിലനിൽക്കെയാണ് ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു. ഈ ഷെൽ കമ്പനികളിലാണ് സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന് ഹിൻഡൻബർഗ് ആരോപിക്കുന്നത്.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തം ഉണ്ടെന്ന ഹിൻഡൻബർഗിന്റെ ആരോപണം തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രംഗത്തെത്തിയിരുന്നു. തന്റെയും ഭർത്താവിന്റെയും ജീവിതവും സാമ്പത്തിക കാര്യങ്ങളും തുറന്ന പുസ്തകമാണെന്നും ഏത് ഏജൻസിക്കും ഇത് സംബന്ധിച്ച രേഖകൾ നൽകാൻ തയ്യാറാണെന്നുമാണ് മാധബി ബുച്ചിന്റെ പ്രതികരണം. ഇന്നലെയാണ് കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സെബിയെയും വെട്ടിലാക്കി ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്ത് വന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us