ആമസോണിൽ ഓർഡർ ക്യാൻസൽ ചെയ്തു; പക്ഷെ രണ്ട് വർഷത്തിന് ശേഷം കുക്കറെത്തി!

2022 ഒക്ടോബർ 1 ന് ഓർഡർ ചെയ്ത കുക്കർ 2024 ഓഗസ്റ്റ് 28 നാണ് ലഭിച്ചത്

dot image

ഓൺലൈനിൽ ഓർഡർ ചെയ്യാറുള്ള പല സാധനങ്ങളും കൃത്യസമയത്ത് കിട്ടാറില്ലാത്തത് തലവേദനയാണ്. രണ്ടാഴച തുടങ്ങി രണ്ട് മാസത്തോളം കാലാവധി നീണ്ടത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഓർഡർ ക്യാൻസൽ ചെയ്ത് രണ്ട് വർഷത്തിന് ശേഷം അത് വീട്ടിലെത്തിയാലോ? അത്തരത്തിലുള്ള ഓർഡർ ചെയ്ത് പിന്നീട് ക്യാൻസൽ ചെയ്ത കുക്കർ രണ്ട് വർഷത്തിന് ശേഷം വീട്ടിലെത്തിയ സംഭവമാണ് എക്സിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

2022ൽ ആമസോണിൽ ഓർഡർ ചെയ്ത ഒരു പ്രഷർ കുക്കർ രണ്ട് വർഷങ്ങൾക്ക് ശേഷം വീട്ടിൽ വന്നാതായാണ് ജയ് എന്നയാൾ എക്സിൽ കുറിച്ചത്. അന്ന് ഓർഡർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ജയ് അത് ക്യാൻസൽ ചെയ്യുകയും ചെയ്തിരുന്നു. കുക്കറിന് ചെലവായ തുക അദ്ദേഹത്തിന് തിരികെ ലഭിക്കുകയും ചെയ്തു. രണ്ട് വർഷം മുൻപ് ഓർഡർ ക്യാൻസൽ ചെയ്ത കുക്കർ, അത് ക്യാൻസൽ ചെയ്തതിന് ശേഷവും വീണ്ടും വീട്ടിൽ എത്തിയത് എങ്ങനെയെന്ന് സംശയിപ്പിക്കുന്നതായി ജയ് കുറിച്ചു. രണ്ട് വർഷത്തിന് ശേഷമാണെങ്കിൽ പോലും കുക്കർ നൽകിയതിന് നന്ദിയും അദ്ദേഹം എക്സിൽ കുറിച്ചു. കൂടാതെ ഇത്രയധികം കാലം എടുത്തത് കൊണ്ട് പ്രത്യേകതയുള്ള കുക്കണോ ഇതെന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. 2022 ഒക്ടോബർ 1 ന് ഓർഡർ ചെയ്ത കുക്കർ 2024 ഓഗസ്റ്റ് 28 നാണ് ലഭിച്ചത്.

പോസ്റ്റ് പങ്കുവെച്ചതോടെ നിരവധി ആളുകളാണ് ഇതിൽ പ്രതികരണവുമായി രംഗത്ത് വരുന്നത്. ഏതെങ്കിലും വിദഗ്ധർ കൈകൊണ്ട് നിർമ്മിച്ചതായിരിക്കണം കുക്കർ എന്നാണ് ചിലരുടെ കമൻ്റ്. മറ്റ് ഏതെങ്കിലും പ്രപഞ്ചത്തിൽ നിന്നായിരിക്കാം ഈ കുക്കർ വന്നിരിക്കുക എന്നിങ്ങനെയാണ് ചിലരുടെ കമൻ്റുകൾ. പുതിയ സാങ്കേതിക വിദ്യ അടങ്ങിയ കുക്കർ ആയിരിക്കാം ഇതെന്നാണ് മറ്റ് ചിലരുടെ വാദം. പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമസോൺ. ഇത്തരത്തിൽ ഒരു വാർത്ത കേട്ടതിൽ നിരാശയുണ്ടെന്നും തങ്ങളുടെ ടീമുമായി ബന്ധപ്പെടണമെന്നായിരുന്നു ആമസോൺ പ്രതികരിച്ചത്.

dot image
To advertise here,contact us
dot image