കാണ്ഡഹാർ വിമാന റാഞ്ചൽ: 'അമൃത്സറിൽ വിഡ്ഢിത്തങ്ങൾ സംഭവിച്ചു, ഐഎസ്ഐക്ക് പങ്കുണ്ട്'; മുൻ 'റോ' മേധാവി

'ഞങ്ങൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു, ഒരു കോൾ എടുക്കേണ്ടതായിരുന്നു. ഇത്രയും കാലത്തിന് ശേഷം ആരെയും കുറ്റപ്പെടുത്താൻ താൽപ്പര്യമില്ല, വർഷങ്ങൾക്ക് ശേഷം അങ്ങനെ ചെയ്യുന്നത് ശരിയല്ല'

dot image

അനുഭവ് സിൻഹയുടെ സീരീസായ 'IC 814 The Kandahar Hijack' നെറ്റ്ഫ്ലിക്സിൽ റിലീസായതിന് പിന്നാലെ 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ സംബന്ധിച്ച വിഷയങ്ങൾ ദിനംപ്രതി ചർച്ചയിൽ ഇടംപിടിക്കുകയാണ്. വിഷയം കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ വാജ്പേയി സർക്കാരിന് വീഴ്ച പറ്റിയോ എന്ന നിലയിലുള്ള ചർച്ചകളാണ് പ്രധാനമായും ഉയരുന്നത്. വിമാനം റാഞ്ചിയതിന് പിന്നാലെ, സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരും സുരക്ഷ വിഭാഗവും പരാജയപ്പെട്ടെന്ന് അന്നേ വിമർശനങ്ങളുണ്ടായിരുന്നു. വേഗത്തിൽ പ്രതികരിക്കാതെ 'സുവർണ്ണ മണിക്കൂറുകൾ' പാഴാക്കിയതിനെതിരെയും വിമർശനങ്ങളുണ്ടായിരുന്നു.

വിമാനം റാഞ്ചിയതിന് പിന്നാലെ എടുത്ത തീരുമാനങ്ങളിൽ വിഡ്ഢിത്തങ്ങൾ സംഭവിച്ചതായി അക്കാലത്ത് റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൻ്റെ (റോ) ചീഫ് ആയിരുന്ന എഎസ് ദുലത്ത് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'വിമാനം അമൃത്സറിൽ ലാൻഡ് ചെയ്തപ്പോൾ അത് ഇന്ത്യൻ പ്രദേശം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾക്ക് അവസരമുണ്ടായിരുന്നു. എന്നാൽ വിമാനം അമൃത്സറിൽ നിന്ന് പുറപ്പെട്ടതോടെ കരാർ ഉണ്ടാക്കുകയല്ലാതെ മറ്റ് മാർഗമുണ്ടായിരുന്നില്ല. മികച്ച മധ്യസ്ഥരുമായി ചർച്ച നടത്തി ബന്ദികളെ വിട്ടയക്കാനുള്ള ഏറ്റവും സാധ്യമായ കരാർ ഞങ്ങൾ ഉണ്ടാക്കി'യെന്നായിരുന്നു എ എസ് ദുലത്തിൻ്റെ പ്രതികരണം.

കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി 814 എന്ന വിമാനം 1999 ഡിസംബർ 24-നായിരുന്നു ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടനെ അഞ്ച് ഭീകരർ ഹൈജാക്ക് ചെയ്തത്. വിമാനം ഇന്ധനം നിറയ്ക്കുന്നതിനായി അമൃത്സറിൽ ഇറക്കുകയും അവിടെ 50 മിനിറ്റ് നേരം നിർത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയം ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾക്ക് സാധിച്ചില്ലായെന്നതാണ് ഉയരുന്ന പ്രധാന വിമർശനം. നിർണ്ണായകമായ ഈ 50 മിനുട്ടുകളിൽ എന്തെങ്കിലും മേൽക്കൈ ഉണ്ടാക്കാൻ പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ സേനയും ഉൾപ്പെടെയുള്ളവർക്ക് സാധിച്ചിരുന്നില്ല. 'ഞങ്ങൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു, ഒരു കോൾ എടുക്കേണ്ടതായിരുന്നു. ഇത്രയും കാലത്തിന് ശേഷം ആരെയും കുറ്റപ്പെടുത്താൻ താൽപ്പര്യമില്ല, വർഷങ്ങൾക്ക് ശേഷം അങ്ങനെ ചെയ്യുന്നത് ശരിയല്ല' എന്നും ദുലത്ത് ഇതിനോട് പ്രതികരിച്ചിരുന്നു.

ഹൈജാക്ക് സാഹചര്യത്തെക്കുറിച്ച് പഞ്ചാബിലെ അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) സരബ്ജിത് സിങ്ങുമായി നടത്തിയ നീണ്ട സംഭാഷണത്തെക്കുറിച്ചും ദുലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. "ഞാൻ പഞ്ചാബ് ഡിജിപിയുമായി ദീർഘനേരം സംസാരിച്ചു, താൻ കെപിഎസ് ഗില്ലല്ലെന്നും ജോലി പ്രതിസന്ധിയിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ നിന്ന് അങ്ങനെയൊരു സൂചനയാണ് വരുന്നതെങ്കിലും അമൃത്സറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ തന്നോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിനകത്തേയ്ക്ക് ഇരച്ചുകയറാൻ ഞങ്ങൾക്ക് കഴിയും പക്ഷെ അപ്പോൾ എത്ര മരണം ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല'. അങ്ങനെ രക്തച്ചൊരിച്ചിലിൻ്റെ പേരിൽ ആരും ഒരു കോളെടുക്കാൻ തയ്യാറായില്ല എന്നായിരുന്നു ദുലത്ത് വ്യക്തമാക്കിയത്. വിമാനം അമൃത്സറിൽ നിന്ന് പോകരുതെന്ന് പഞ്ചാബ് പോലീസിനെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു പക്ഷെ അത് സംഭവിച്ചില്ലെന്നും ദുലത്ത് കൂട്ടിച്ചേർത്തു.

ഡൽഹിയിൽ നിന്ന് വ്യക്തമായ നിർദേശം ലഭിച്ചിരുന്നെങ്കിൽ താൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമായിരുന്നെന്നായിരുന്നു ഡിജിപി സരബ്ജിത് സിങ്ങിൻ്റെ നിലപാട്. ഇതിനോടും ദുലത്ത് പ്രതികരിച്ചിട്ടുണ്ട്. 'ഞാൻ അദ്ദേഹത്തോട് യോജിക്കുന്നു. പക്ഷെ അദ്ദേഹം എന്ത് ചെയ്യുമായിരുന്നു, എനിക്കറിയില്ല. ഡൽഹിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നത് ശരിയാണ്,' ദുലത്ത് വ്യക്തമാക്കി.

ഐസി 814 ഹൈജാക്കിംഗിൽ ഐഎസ്ഐയുടെ പങ്കിനെക്കുറിച്ചും ദുലാത്ത് വ്യക്തത വരുത്തി. ഹൈജാക്കിൽ പാകിസ്താൻ ചാര സംഘടനയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസിന് (ഐഎസ്ഐ) പങ്കുണ്ടെന്നായിരുന്നു ദുലാത്തിൻ്റെ പ്രതികരണം. 'ഐഎസ്ഐക്ക് ഇതിൽ തീർച്ചയായും പങ്കുണ്ട്, അതിൽ യാതൊരു സംശയവുമില്ല. ഞങ്ങളുടെ റിപ്പോർട്ടുകളെ ഉദ്ധരിച്ചല്ല ഇത് പറയുന്നത്. പക്ഷെ സമയം കാണ്ഡഹാറിൽ അവിടെയുണ്ടായിരുന്ന ഒരു പാകിസ്താനി പത്രപ്രവർത്തകൻ്റെ റിപ്പോർട്ടുണ്ടായിരുന്നു. വിമാന റാഞ്ചലിൽ ഐഎസ്ഐയുടെ പങ്കും അവർ മുഴുവൻ ഓപ്പറേഷനും നിയന്ത്രിച്ചതിനെക്കുറിച്ചും ആർക്കും വ്യക്തമാണെന്നായിരുന്നു അദ്ദേഹം റിപ്പോർട്ട് ചെയ്തത്' എന്നായിരുന്നു ദുലാത്തിൻ്റെ പ്രതികരണം.

1999 ഡിസംബർ 24ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി 814 വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടൻ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. 15 ജീവനക്കാരടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൻ്റെ ക്യാപ്റ്റൻ ദേവി ശരണിനോട് കാബൂളിലേക്ക് പറത്താനായിരുന്നു റാഞ്ചികളുടെ ആവശ്യം. കാബൂളിലേക്ക് പറക്കാൻ മാത്രം ഇന്ധനമില്ലെന്ന് ക്യാപ്റ്റൻ അപകട സൂചന നൽകിയപ്പോൾ ലാഹോറിൽ നിന്ന് ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനറാഞ്ചികളുടെ ഉത്തരവ്. പക്ഷെ ലാഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ പാകിസ്താൻ അധികൃതർ അനുമതി നൽകിയില്ല. പിന്നീട് അമൃത്സറിലേക്ക് വിമാനം കൊണ്ടുപോകാമെന്ന ക്യാപ്റ്റൻ്റെ അഭിപ്രായം മനസ്സില്ലാ മനസ്സോടെ ഭീകരർ ചെവികൊള്ളുകയായിരുന്നു. പിന്നീട് വിമാനം അമൃത്സറിൽ ഏകദേശം 50 മിനിറ്റോളം കാത്തുനിന്നെങ്കിലും ഇന്ത്യൻ ഇടപെടൽ ഉണ്ടായില്ല. പന്തികേട് തോന്നിയ റാഞ്ചികൾ ഇന്ധനം നിറയ്ക്കാൻ നിൽക്കാതെ വിമാനം പറത്താൻ ക്യാപ്റ്റൻ ദേവി ശരണെ നിർബന്ധിച്ചു. യാത്രക്കാരെ അടക്കം തോക്കിൻ മുനയിൽ നിർത്തിയായിരുന്നു ഈ ഭീഷണി.

പിന്നീട് വീണ്ടും ലാഹോറിലെത്തി എമർജൻസി ലാൻഡിങ്ങ് നടത്താനുള്ള ശ്രമത്തിനിടെ ഇന്ധനം നിറയ്ക്കാൻ മാത്രം അനുമതി കിട്ടുകയായിരുന്നു. പിന്നാലെ അഫ്ഗാനിലെ കാബൂളിലേയ്ക്ക് വിമാനം പറത്താൻ റാഞ്ചികൾ ആവശ്യപ്പെട്ടു. എന്നാൽ രാത്രി ലാൻഡ് ചെയ്യാനുള്ള സൗകര്യം കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ യുഎഇയിലെ അൽ മിൻഹാദ് എയർ ബേസിൽ വിമാനം ഇറക്കാൻ അനുമതി ലഭിച്ചു. ഇവിടെ വെച്ച് വിമാനത്തിലുണ്ടായിരുന്ന 27 യാത്രക്കാരെയും ഹൈജാക്കർമാരിൽ ഒരാളായ സഹൂർ മിസ്ത്രി കൊലപ്പെടുത്തിയ രൂപിൻ കത്യാലിൻ്റെ മൃതദേഹവും റാഞ്ചികൾ അധികൃതർക്ക് കൈമാറി. ഇതിനിടയിൽ ബന്ദികളെ രക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള കമാൻഡോ സംഘത്തിന് ഓപ്പറേഷൻ നടത്താൻ അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം യുഎഇ അധികൃതർ നിരസിച്ചു. പിന്നാലെ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം പറത്തുകയും അവിടെ ലാൻഡ് ചെയ്യുകയുമായിരുന്നു. പിന്നീട് ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആറ് ദിവസത്തോളം നീണ്ടു. ഈ ദിവസമത്രയും വിമാനത്തിലെ യാത്രക്കാർ റാഞ്ചികളുടെ തോക്കിൻ മുനയിലാണ് ചെലവഴിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us