അനുഭവ് സിൻഹയുടെ നെറ്റ്ഫ്ലിക്സ് സീരീസായ 'IC 814 The Kandahar Hijack'ലെ വിമാനറാഞ്ചികൾ കോഡായി ഉപയോഗിച്ചിരിക്കുന്ന ഹിന്ദു പേരുകളെ സംബന്ധിച്ച് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. തീവ്രവാദികളുടെ യഥാർത്ഥ മുസ്ലിം പേര് മറച്ചുവെച്ച് പകരം ഹിന്ദു പേർ ഉപയോഗിച്ചുവെന്ന സങ്കുചിത പ്രചാരണം ചില കേന്ദ്രങ്ങൾ അഴിച്ചു വിട്ടിരുന്നു. കേന്ദ്ര സർക്കാർ രേഖകളെ അടക്കം ഉദ്ധരിച്ച് ഭീകരർ യഥാർത്ഥ പേരിന് പകരം ഹിന്ദു പേരുകൾ കോഡായി ഉപയോഗിച്ചിരുന്നുവെന്ന വസ്തുതയും പുറത്ത് വന്നിരുന്നു. വിമാനം ഹൈജാക്ക് ചെയ്ത സമയത്ത് വിമാനത്തിലുണ്ടായിരുന്നവർക്ക് തീവ്രവാദികൾ ഉപയോഗിച്ച കോഡ് പേരുകൾ മാത്രമേ അറിയാമായിരുന്നുള്ളു എന്നതും ചർച്ചയായി. വിമാനറാഞ്ചികൾ ഉപയോഗിച്ച ബോല, ശങ്കർ എന്നീ പേരുകളെ സംബന്ധിച്ചാണ് വിവാദം ഉയർന്നിരിക്കുന്നത്.
കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി 814 എന്ന വിമാനം 1999 ഡിസംബർ 24-നായിരുന്നു ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടനെ അഞ്ച് ഭീകരർ ഹൈജാക്ക് ചെയ്തത്. അന്ന് വിമാനത്തിൽ ഉണ്ടായിരുന്ന ദമ്പതികളായ രാകേഷും പൂജ കടാരിയയും ഇപ്പോൾ നെറ്റ്ഫ്ലിക്സിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യാ ടുഡെയോടായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. വിവാദങ്ങളെക്കുറിച്ച് കേട്ടിരുന്നെന്നും നെറ്റ്ഫ്ലിക്സ് പറഞ്ഞതാണ് ശരിയെന്നുമാണ് രാകേഷ് വ്യക്തമാക്കിയിരിക്കുന്നത്. വിമാനറാഞ്ചികളിൽ രണ്ട് പേരുടെ കോഡ് ബോലയെന്നും ശങ്കർ എന്നുമായിരുന്നെന്നും രാകേഷ് സാക്ഷ്യപ്പെടുത്തി. 'അത് അവരുടെ യഥാർത്ഥ പേരായിരുന്നില്ല. വിമാനറാഞ്ചികളിൽ അഞ്ച്പേരും മുസ്ലിങ്ങളായിരുന്നു. പക്ഷെ അതിൽ രണ്ട് പേർക്ക് ഹിന്ദു പേരുകളാണ് കോഡ് പേരായി ഉപയോഗിച്ചത്. ഇത് നെറ്റ്ഫ്ലിക്സ് ഉണ്ടാക്കിയതല്ല, അവർ സത്യം പുറത്ത് കാണിക്കാനാണ് ശ്രമിച്ചത്', രാകേഷ് വ്യക്തമാക്കി. നെറ്റ്ഫ്ലിക്സിലെ സീരീസ് കാണില്ലെന്നും രാകേഷ് വ്യക്തമാക്കി. വീണ്ടും ആ അത്യാഹിതം ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് രാകേഷിൻ്റെ പക്ഷം.
രാകേഷിൻ്റെ ഭാര്യ പൂജ കടാരിയയും ഇത് തന്നെ ആവർത്തിച്ചു. 'വിമാന റാഞ്ചികളിൽ രണ്ടുപേരെ മറ്റുള്ളവർ വിളിച്ചിരുന്നത് ഭോലയെന്നും ശങ്കറെന്നുമായിരുന്നു. അത് കെട്ടുകഥയല്ല, പൂർണ്ണമായും സത്യമാണ് എന്നായിരുന്നു പൂജയുടെ പ്രതികരണം. ബർഗർ, ഡോക്ടർ, ഭോല, ശങ്കർ, ചീഫ് എന്നായിരുന്നു കോഡായി അവർ ഉപയോഗിച്ചിരുന്ന പേരുകൾ. ഞങ്ങൾ യഥാർത്ഥത്തിൽ കടന്നു പോയ അവസ്ഥയെന്താണോ അതാണ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരിക്കുന്ന'തെന്നും പൂജ ഓർമ്മിച്ചു. വിമാനത്തിനുള്ളിൽ സംഭവിച്ചതെന്തെന്ന് നെറ്റ്ഫ്ലിക്സ് സീരീസ് കൂടുതലായി പറയുന്നില്ലെന്നും രാഷ്ട്രീയ വശത്തിനാണ് അത് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നതെന്നും അത് പ്രധാനമായും ഇന്ത്യൻ സർക്കാരും വിമാനറാഞ്ചികളും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളെക്കുറിച്ചുമാണ് പറയുന്നതെന്നും പൂജ പറഞ്ഞു.
നേപ്പാളിൽ ഹണിമൂൺ ആഘോഷിക്കാൻ പോയി മടങ്ങുകയായിരുന്നു രാകേഷ് - പൂജ കടാരിയ ദമ്പതികൾ. 'IC 814 വിമാനത്തിൽ ഇത്തരത്തിൽ നേപ്പാളിൽ ഹണിമൂൺ ആഘോഷിച്ച് മടങ്ങുകയായിരുന്ന 26 ദമ്പതികൾ ഉണ്ടായിരുന്നുവെന്നും പൂജ ഓർമ്മിച്ചെടുത്തു. വിമാനറാഞ്ചികൾ കൊലപ്പെടുത്തിയ റൂപിൻ കത്യാൽ ഭാര്യ രചനയ്ക്കൊപ്പം ഹണിമൂൺ ആഘോഷിച്ച് മടങ്ങുകയായിരുന്നു.
'എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. 1999ൽ ഹൈജാക്ക് എന്ന വാക്കൊന്നും അത്ര സുപരിചിതമായിരുന്നില്ല. ഞങ്ങൾ കരുതിയത് അവർ എന്തെങ്കിലും മോചനദ്രവ്യം ആവശ്യപ്പെട്ട് അത് വാങ്ങി മടങ്ങുമെന്നായിരുന്നു. എന്നാൽ ആ അത്യാഹിത സംഭവം ഏഴ് ദിവസത്തോളം നീണ്ടു പോയി എന്നത് മാത്രമാണ് ഞങ്ങൾക്ക് അറിയാവുന്നത്. സംഭവം രണ്ട് ദിവസം കൊണ്ട് അവസാനിക്കുമെന്നാണ് ഹൈജാക്കേഴ്സും കരുതിയിരിക്കുക. അവസാനത്തെ രണ്ട് ദിവസത്തേയ്ക്ക് ആവശ്യമുള്ള വെള്ളം ബാക്കിയുണ്ടാകുമോയെന്ന് ഇവർ എയർഹോസ്റ്റസുമാരോട് ചോദിച്ചിരുന്നു', പൂജ ഓർമ്മിച്ചു.
'ഡോക്ടർ' എന്ന കോഡ് പേരുണ്ടായിരുന്ന വിമാന റാഞ്ചി ബന്ദികളെ അഭിസംബോധന ചെയ്തു കൊണ്ട് എല്ലാവരും ഇസ്ലാമിലേയ്ക്ക് മതം മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പൂജ ഓർത്തെടുത്തു. 'ഇസ്ലാം മികച്ച മതമാണെന്നും അത് ഹിന്ദു മതത്തെക്കാൾ മികച്ചതാണെന്നും ഡോക്ടർ പതിവായി പറഞ്ഞിരുന്നു. അയാൾ ഏതാണ്ട് മൂന്ന് പ്രസംഗങ്ങൾ നടത്തി, പക്ഷെ ആളുകൾക്ക് അയാൾ പറഞ്ഞത് ബോധ്യപ്പെട്ടില്ല. ഞങ്ങൾ നിങ്ങളെ കൊല്ലാൻ പോകുകയാണ്, നിങ്ങളെ മോചിപ്പിക്കുന്നതിനായി നിങ്ങളുടെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഡിസംബർ 30ന് അവർ പറഞ്ഞിരുന്നുവെന്നും' പൂജ ഓർത്തെടുത്തു.
ഇന്ത്യ ടുഡെ ടിവിയോട് സംസാരിക്കവെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതിൻ്റെ ഓർമ്മയ്ക്കായി സൂക്ഷിച്ച് വെച്ചിരിക്കുന്ന ചില സാധനങ്ങളും പൂജ കാണിച്ചിരുന്നു. വിമാന റാഞ്ചികളിലൊരായ ബർഗറുടെ ഓട്ടോഗ്രാഫുള്ള ഷാളായിരുന്നു അതിലൊന്ന്. 'പ്രിയപ്പെട്ട സഹോദരിക്കും മിടുക്കനായ ഭർത്താവിനും ബർഗർ-30/12/1999' എന്നായിരുന്നു അതിൽ നീല മഷി പേന കൊണ്ട് എഴുതിയിരിക്കുന്നത്.
നെറ്റ്ഫ്ലിക്സിൻ്റെ 'IC 814 The Kandahar Hijack' സീരീസിൽ വിമാനം റാഞ്ചിയ തീവ്രവാദികളുടെ കോഡ് പേരുകൾ 'ചീഫ്, 'ഡോക്ടർ', 'ബോല', 'ശങ്കർ', 'ബർഗർ' എന്നിങ്ങനെയായിരുന്നു. ഇതിൽ 'ബോല, ശങ്കർ' എന്നത് ഹിന്ദു നാമങ്ങളാണെന്നും തീവ്രവാദികളുടെ പേര് സീരീസിൽ പറയാതിരിക്കുന്നുവെന്നുമായിരുന്നു വിവാദങ്ങൾ ഉയർന്നത്. എന്നാൽ ഈ വാദം തന്നെ തെറ്റാണെന്ന് സ്ഥാപിക്കുന്ന ഗവണ്മെന്റ് രേഖകൾ പുറത്ത് വന്നിരുന്നു. തീവ്രവാദികൾ പരസ്പരം വിളിച്ചിരുന്ന പേരുകൾ 'ചീഫ്, 'ഡോക്ടർ', 'ബോല', 'ശങ്കർ', 'ബർഗർ' എന്നിങ്ങനെയാണെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, ഈ രേഖകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്ന വിവരങ്ങളും പുറത്തുവന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ജീവനക്കാർക്കും തീവ്രവാദികൾ പരസ്പരം അഭിസംബോധന ചെയ്തിരുന്ന പേരുകൾ മാത്രമേ അറിയാൻ കഴിയൂ എന്നത് പോലും യുക്തിപരമായി ചിന്തിക്കാതെയാണ് ചില കേന്ദ്രങ്ങൾ അനാവശ്യ വൈകാരികതയുടെ പേരിൽ പ്രചാരണം നടത്തുന്നതെന്നും ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
1999 ഡിസംബർ 24ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി 814 വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടൻ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. 15 ജീവനക്കാരടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൻ്റെ ക്യാപ്റ്റൻ ദേവി ശരണിനോട് കാബൂളിലേക്ക് പറത്താനായിരുന്നു റാഞ്ചികളുടെ ആവശ്യം. കാബൂളിലേക്ക് പറക്കാൻ മാത്രം ഇന്ധനമില്ലെന്ന് ക്യാപ്റ്റൻ അപകട സൂചന നൽകിയപ്പോൾ ലാഹോറിൽ നിന്ന് ഇന്ധനം നിറയ്ക്കാനായിരുന്നു വിമാനറാഞ്ചികളുടെ ഉത്തരവ്. പക്ഷെ ലാഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ പാകിസ്താൻ അധികൃതർ അനുമതി നൽകിയില്ല. പിന്നീട് അമൃത്സറിലേക്ക് വിമാനം കൊണ്ടുപോകാമെന്ന ക്യാപ്റ്റൻ്റെ അഭിപ്രായം മനസ്സില്ലാ മനസ്സോടെ ഭീകരർ ചെവികൊള്ളുകയായിരുന്നു. പിന്നീട് വിമാനം അമൃത്സറിൽ ഏകദേശം 50 മിനിറ്റോളം കാത്തുനിന്നെങ്കിലും ഇന്ത്യൻ ഇടപെടൽ ഉണ്ടായില്ല. പന്തികേട് തോന്നിയ റാഞ്ചികൾ ഇന്ധനം നിറയ്ക്കാൻ നിൽക്കാതെ വിമാനം പറത്താൻ ക്യാപ്റ്റൻ ദേവി ശരണെ നിർബന്ധിച്ചു. യാത്രക്കാരെ അടക്കം തോക്കിൻ മുനയിൽ നിർത്തിയായിരുന്നു ഈ ഭീഷണി.
പിന്നീട് വീണ്ടും ലാഹോറിലെത്തി എമർജൻസി ലാൻഡിങ്ങ് നടത്താനുള്ള ശ്രമത്തിനിടെ ഇന്ധനം നിറയ്ക്കാൻ മാത്രം അനുമതി കിട്ടുകയായിരുന്നു. പിന്നാലെ അഫ്ഗാനിലെ കാബൂളിലേയ്ക്ക് വിമാനം പറത്താൻ റാഞ്ചികൾ ആവശ്യപ്പെട്ടു. എന്നാൽ രാത്രി ലാൻഡ് ചെയ്യാനുള്ള സൗകര്യം കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ല. ഒടുവിൽ യുഎഇയിലെ അൽ മിൻഹാദ് എയർ ബേസിൽ വിമാനം ഇറക്കാൻ അനുമതി ലഭിച്ചു. ഇവിടെ വെച്ച് വിമാനത്തിലുണ്ടായിരുന്ന 27 യാത്രക്കാരെയും ഹൈജാക്കർമാരിൽ ഒരാളായ സഹൂർ മിസ്ത്രി കൊലപ്പെടുത്തിയ രൂപിൻ കത്യാലിൻ്റെ മൃതദേഹവും റാഞ്ചികൾ അധികൃതർക്ക് കൈമാറി. ഇതിനിടയിൽ ബന്ദികളെ രക്ഷിക്കാൻ ഇന്ത്യയിൽ നിന്നുള്ള കമാൻഡോ സംഘത്തിന് ഓപ്പറേഷൻ നടത്താൻ അനുമതി നൽകണമെന്ന ഇന്ത്യയുടെ ആവശ്യം യുഎഇ അധികൃതർ നിരസിച്ചു. പിന്നാലെ താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം പറത്തുകയും അവിടെ ലാൻഡ് ചെയ്യുകയുമായിരുന്നു. പിന്നീട് ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആറ് ദിവസത്തോളം നീണ്ടു. ഈ ദിവസമത്രയും വിമാനത്തിലെ യാത്രക്കാർ റാഞ്ചികളുടെ തോക്കിൻ മുനയിലാണ് ചെലവഴിച്ചത്.