ലക്ഷ്യം മൂന്നാം സാമ്പത്തിക ശക്തിയെന്ന പദവി; തിരിച്ചടിയാകുമോ ഭക്ഷ്യ സുരക്ഷയിലെ പ്രതിസന്ധി?

റിപ്പോർട്ടുകൾ പലതും സർക്കാർ തള്ളി കളയുമ്പോഴും രാജ്യത്തെ പോഷകാഹാരക്കുറവും, പട്ടിണിമരണങ്ങളും സർവോപരി ഭക്ഷ്യ സുരക്ഷയും ഗൗരവമുള്ള ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു എന്നതാണ് വാസ്തവം.

dot image

ഭക്ഷ്യ സുരക്ഷയിലെ പ്രതിസന്ധികൾ ഇന്ത്യയ്ക്ക് ബാലികേറാമലയായി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടുണ്ടാവും. രാജ്യം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മുന്നേറുകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ചോദ്യ ചിഹ്നമാകുന്നത്. ഇന്ത്യ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ഏറെ പിന്നാക്കമാണെന്ന നിജസ്ഥിതി എടുത്ത് പറയേണ്ടതുണ്ട്. സാമ്പത്തിക മേഖലയിലെ കുതിച്ച് ചാട്ടങ്ങളെ പറ്റി സർക്കാർ വാ തോരാതെ സംസാരിക്കുമ്പോൾ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കണക്കുകൾ മറ്റൊരു യാഥാർത്ഥ്യമാണ് ചൂണ്ടിക്കാണിക്കുന്നത്. ഒരു വശത്ത് 2022 ലെ ആഗോള ഭക്ഷ്യ സുരക്ഷ പട്ടികയിൽ 113 രാജ്യങ്ങൾക്കിടയിൽ 68-ാം സ്ഥാനത്താണ് ഇന്ത്യ. മറുവശത്ത് ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങൾക്കിടയിൽ 111-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഈ റിപ്പോർട്ടുകൾ പലതും സർക്കാർ തള്ളി കളയുമ്പോഴും രാജ്യത്തെ പോഷകാഹാരക്കുറവും, പട്ടിണിമരണങ്ങളും സർവോപരി ഭക്ഷ്യ സുരക്ഷയും ഗൗരവമുള്ള ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു എന്നതാണ് വാസ്തവം.

എന്താണ് ഭക്ഷ്യ സുരക്ഷ ?

ഏറെ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ഒന്നാണ് ഭക്ഷ്യ സുരക്ഷ. പലപ്പോഴും ഭക്ഷണം എല്ലാവർക്കും കൃത്യമായി ലഭിക്കുക എന്നത് മാത്രമാണ് ഭക്ഷ്യ സുരക്ഷ എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ രാജ്യത്തെ ഓരോ വ്യക്തികൾക്കും സാമ്പത്തികമായും ശാരീരികമായും സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ലഭ്യമാകുമ്പോൾ മാത്രമേ ആ രാജ്യം ഭക്ഷ്യ സുരക്ഷ നേടിയെന്ന് കണക്കാക്കാനാവുകയുള്ളു. അതിനാൽ ഭക്ഷണം ലഭിക്കുന്നു എന്നതുകൊണ്ട് മാത്രമാവില്ല പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുക എന്നതിലാണ് ഭക്ഷ്യ സുരക്ഷയിൽ പ്രാധാന്യം.

ഇന്ത്യയും ഭക്ഷ്യസുരക്ഷയും

ലോകത്തെ നാലിൽ ഒരു ശതമാനം പോഷകാഹാരക്കുറവ് നേരിടുന്ന ആളുകൾ ഉള്ളത് ഇന്ത്യയിലാണ് എന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണ്ടെത്തൽ. 1.4 ബില്യണിലധികം ജനങ്ങളുള്ള ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷയിലെ പ്രതിസന്ധികൾ കാർഷിക മേഖലയെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഹരിത വിപ്ലവത്തിന് ശേഷമുള്ള പല ആഘാതങ്ങളും കാർഷിക മേഖലയെ പിടിച്ചു കുലുക്കിയിട്ടുണ്ടെന്നാണ് വിശകലനം. അമിതമായ കീടനാശിനികളുടെയും സങ്കരയിനം വിത്തുകളുടെയും ഉപയോഗം കാർഷിക മേഖലയിൽ ദീർഘകാല പ്രശ്നങ്ങളിലേക്ക് നയിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അപര്യാപ്തമായ ജലസേചന സൗകര്യങ്ങൾ, ആധുനിക കാർഷിക സാങ്കേതിക വിദ്യകളുടെ അഭാവം തുടങ്ങി നിരവധി ഘടകങ്ങൾ കാരണം ഇന്ത്യയുടെ കാർഷിക മേഖല പല വിധം പ്രതിസന്ധികൾ നേരിടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുടെ കാർഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് പലയിടങ്ങളിലായി ഉണ്ടായ പ്രളയവും വരൾച്ചയുമെല്ലാം കൃഷിയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വിളവ് കുറയുക, മണ്ണിൻ്റെ ശോഷണം, വിളകൾക്കിടയിലെ രോഗ പകർച്ച ഉൾപ്പടെ നിരവധി പ്രശ്നങ്ങൾ നേരിടുന്ന കാർഷിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഭക്ഷ്യോത്പാദന അസ്ഥിരതയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതുവഴി ഭക്ഷ്യ ക്ഷാമവും വിലക്കയറ്റവും സാധാരണ ജനങ്ങളെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

സാമ്പത്തികമായി പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളാണ് ഭക്ഷ്യ സുരക്ഷ പ്രശ്നങ്ങൾ സാരമായി നേരിടുന്നത്. 2021-ലെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ (എഫ്എഒ), അവലോകന പ്രകാരം 74 ശതമാനത്തിന് മുകളിൽ ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണം വാങ്ങാനോ അതിൻ്റെ ചെലവ് താങ്ങാനോ കഴിയുന്നില്ല എന്നാണ് കണ്ടെത്തൽ. ദേശീയ കുടുംബാരോഗ്യ സർവേ 2019-2021 പ്രകാരം അഞ്ചിൽ മൂന്ന് കുട്ടികളും വളർച്ചമാന്ദ്യവും പോഷകകുറവും നേരിടുന്നവരാണ്. 2076 ലേക്ക് കടക്കുമ്പോഴേക്കും വളർച്ച മാന്ദ്യം നേരിടുന്ന കുട്ടികളുടെ എണ്ണം 10 ശതമാനത്തിൽ കുറയില്ലെന്നാണ് കണ്ടെത്തൽ. 2019-21ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ, 67% കുട്ടികളും വിളർച്ച അനുഭവിക്കുന്നുവെന്നും മുതിർന്നവരിൽ 57% സ്ത്രീകളും വിളർച്ചയുള്ളവരായിരുന്നുവെന്നാണ് കണ്ടെത്തൽ. പുരുഷന്മാരിൽ നാലിലൊന്ന് പേരിലും വിളർച്ച കണ്ടെത്തനായി.

ഇന്ത്യയുടെ നിലവിലെ ഭക്ഷ്യ സുരക്ഷയെ മേല്പറഞ്ഞ ഓരോ വിഷയങ്ങളും ദുർബലമാക്കുന്നു. ഭാവിയിൽ കാലാവസ്ഥാ വ്യതിയാനം കാരണം ഭക്ഷ്യസുരക്ഷ ഇനിയും പല വെല്ലുവിളികളും നേരിട്ടേക്കാം. ഇതും ഭാവിയെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്നതാണ്. അതിനാൽ കൂടുതൽ ഭാവികേന്ദ്രീകൃതമായ പദ്ധതികളിലൂടെയും പുതിയ സാങ്കേതിക വിദ്യകളിലൂടെയും രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഒരുക്കേണ്ടതുണ്ട്. നാഷണൽ ഫുഡ് സേഫ്റ്റി ആക്ട് പോലെയുള്ള നിയമങ്ങൾ വഴി പൊതുവിതരണ സമ്പ്രദായത്തിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങളായ അരി, ഗോതമ്പ്, നാടൻ ധാന്യങ്ങൾ എന്നിവ ലഭ്യമാക്കിയിരുന്നു. ഇതുപോലെയുള്ള നിയമങ്ങളും വിളകൾക്ക് സർക്കാർ മിനിമം താങ്ങുവില നിശ്ചയിക്കുന്നതും കർഷകരെ കൂടുതൽ സഹായിച്ചേക്കും. സാധാരണക്കാർക്കും പോഷക സമൃദ്ധമായ ഭക്ഷണം സബ്സിഡിയിലൂടെ നൽകുന്നത് വഴി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാം. ഈ നിലയിൽ നമ്മൾ ഇനിയും ഏറെ മുന്നേറേണ്ടതുണ്ടെന്നാണ് നിലവിലെ കണക്കുകൾ നൽകുന്ന സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us