ചെന്നൈ: പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നടൻ വിജയ് ശ്രമിക്കുന്നതായി സൂചന. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, രേവന്ത് റെഡ്ഡി, ചന്ദ്ര ബാബു നായിഡു, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. 2009ൽ രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, വിജയ് കോൺഗ്രസിൽ ചേരുമെന്ന പ്രചാരണം സജീവമായിരു ന്നു. ആരാധകരുടെ പിന്തുണയുടെ കരുത്തിൽ പാർട്ടി തുടങ്ങാൻ രാഹുൽ ഉപദേശിച്ചെന്നും പറയപ്പെടുന്നു. എന്നാൽ, രാഹുൽ വിജയ്ക്കൊപ്പം വേദി പങ്കിട്ടാൽ ഡി എംകെ-കോൺഗ്രസ് സഖ്യത്തിൽ ഉലച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ വിജയ്യുടെ ക്ഷണത്തെ രാഹുലും കോൺഗ്രസും എങ്ങനെ നോക്കി കാണും എന്ന് കണ്ടറിയേണ്ടതുണ്ട്.
രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് കഴിഞ്ഞ മാസം തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയിരുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും പുറത്തിറക്കി. ത സൗഹാർദ്ദത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രമേയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും തുല്യ അവകാശവും അവസരവും നൽകും, തമിഴ്ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയിൽ മുന്നോട്ട് പോകും എന്നിവയാണ് പാർട്ടിയുടെ പ്രതിജ്ഞ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ്യുടെ നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻപ് ഓരോ മണ്ഡലത്തിൽ നിന്നും മത്സരിക്കേണ്ട സ്ഥാനാർഥികളെ ഇപ്പോഴെ തിരഞ്ഞെടുക്കണമെന്നാണ് വിജയ്യുടെ നിർദേശം. ഓരോ മണ്ഡലങ്ങളിൽ നിന്നും നാലു സ്ഥാനാർഥിയെ എങ്കിലും നാമനിർദേശം ചെയ്യണമെന്ന് ജില്ലാ ഭാരവാഹികളോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയുടെ 'ദ ഗോട്ടി'ൻ്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട് .കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് പാർട്ടി പ്രഖ്യാപിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ ജനകീയ-സമൂഹ്യ പ്രശ്നങ്ങളിലെല്ലാം ശക്തമായ ഇടപെടൽ നടത്തിയാണ് വിജയ് പ്രവർത്തിക്കുന്നത് . ഡിഎംകെ സർക്കാരിന്റെ കടുത്ത വിമർശകനായി വിജയ് ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിയിൽ ഇതുവരെ പത്തു ലക്ഷത്തിലധികം അംഗങ്ങളുണ്ടെന്നാണ് അവകാശപ്പെടുന്നത്. രണ്ട് കോടി അംഗങ്ങളെ ചേർക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
തമിഴ്നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലെ പ്രവർത്തകർ ചെന്നൈ പനയൂരിലുള്ള പാര്ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 ന് വിക്രവാണ്ടിയിൽ നടത്തുമെന്നും സൂചനകളുണ്ട്. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും.
'വിജയ പതാക' ഉയർന്നു; തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി വിജയ്