കൊല്ക്കത്ത ആര്ജി കര് മെഡിക്കല് കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗക്കൊലയില് മുന് പ്രിന്സിപ്പല് സന്ദീപ് ഘോഷിനെതിരെ വിശദമായ അന്വേഷണത്തിന് സിബിഐ. ഡോക്ടര് കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്മാരുടെ മുറികളില് അടക്കം അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് സന്ദീപ് ഘോഷ് കത്തെഴുതിയിരുന്നു. ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സെമിനാര് ഹാളിന് തൊട്ടടുത്താണിത്. ഡോക്ടറുടെ കൊലപാതകത്തില് സന്ദീപ് ഘോഷിന് പങ്കുണ്ടോയെന്നാകും സിബിഐ അന്വേഷിക്കുക.
യുവ ഡോക്ടറുടെ കൊലപാതകത്തില് നിലവില് സിവിക് വോളന്റീര് ആയ സഞ്ജയ് റോയ് മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. കേസില് കൂടുതല് പേര്ക്ക് പങ്കുണ്ടെന്നാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കേസില് മറ്റാര്ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം സിബിഐ വിശദമായി അന്വേഷിക്കുന്നതിനിടെയാണ് സന്ദീപ് ഘോഷ് പൊതുമരാമത്ത് വകുപ്പിനെഴുതിയ കത്ത് പുറത്തുവരുന്നത്. ഡോക്ടര് കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് പത്തിനാണ് സന്ദീപ് ഘോഷ് കത്തെഴുതിയത്. ആര്ജി കര് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്മാരുടെ മുറികള്ക്ക് ചില പോരായ്മകളുണ്ടെന്നും ഇത് ഉടന് പരിഹരിക്കണമെന്നുമാണ് കത്തില് സന്ദീപ് ഘോഷ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുദ്രാവാക്യം വിളിച്ചാല് തലകീറി ചോരയൊലിപ്പിച്ച് കൊല്ലുമോ?നൂറ് അബിന് വര്ക്കിമാര് വരും:കെ സുധാകരന്ആര്ജി കര് ആശുപത്രിയിലെത്തിക്കുന്ന അജ്ഞാത മൃതദേഹങ്ങള് മറിച്ചുവില്ക്കുക, ആശുപത്രിയിലേക്കുള്ള സാധനങ്ങള് കൂടിയ വിലയില് വാങ്ങി സാമ്പത്തിക തിരിമറി നടത്തുക തുടങ്ങിയ ആരോപണങ്ങള് നേരിട്ടിട്ടുള്ള ആളാണ് സന്ദീപ് ഘോഷ്. മാനേജ്മെന്റ് തലത്തില് ഉയര്ന്ന അഴിമതിയില് സന്ദീപ് ഘോഷിന് പങ്കുണ്ടെന്നാരോപിച്ച് സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം കഴിഞ്ഞ മാസം സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തിരുന്നു. പതിനഞ്ച് ദിവസത്തോളം ചോദ്യം ചെയ്ത ശേഷമായിരുന്നു സിബിഐയുടെ നടപടി.
കേസില് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ക്കത്ത പൊലീസിനെതിരെ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം രംഗത്തെത്തി. മകളുടെ കൊലപാതക വിവരം മറച്ചുവെയ്ക്കാന് പൊലീസ് മൃതദേഹം ധൃതിപിടിച്ച് സംസ്കരിക്കുകയായിരുന്നുവെന്ന് പെണ്കുട്ടിയുടെ പിതാവ് ആരോപിച്ചു. കേസ് തേച്ചുമായ്ച്ചു കളയാനാണ് ശ്രമം. ഇതിന് പൊലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും പെണ്കുട്ടിയുടെ പിതാവ് ആരോപിച്ചു. അതേസമയം, പെണ്കുട്ടിക്ക് നീതി തേടി കൊല്ക്കത്തയില് വിവിധയിടങ്ങളില് ഇപ്പോഴും പ്രതിഷേധം അരങ്ങേറുകയാണ്.