രേണുകാസ്വാമി നേരിട്ടത് ക്രൂരമായ മർദ്ദനം, സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ചു; കുറ്റപത്രം

രേണുകസ്വാമിയുടെ ശരീരത്തിലാകെ മുറിവേറ്റ 39 പാടുകൾ കണ്ടെത്തിയിട്ടുണ്ട്

dot image

ബെംഗളൂരു: കന്നഡ നടൻ ദർശൻ പ്രതിയായ കൊലക്കേസിൽ കൂടുതല് വിവരങ്ങള് പുറത്ത്. രേണുകാസ്വാമി കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനത്തിനൊടുവിലെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. രേണുക സ്വാമി കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപെടുത്ത ഫോട്ടോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബെംഗളൂരു പട്ടണകെരെയിലെ പാർക്കിംഗ് ഗോഡൗണിനു മുന്നിൽ നിന്നുള്ളതും കനാലിൽ മൃതദേഹം കിടക്കുന്നതുമായ ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുൻപ് മർദ്ദനത്തിനിരയായി ജീവന് വേണ്ടി യാചിക്കുന്ന രേണുക സ്വാമിയുടെ ഫോട്ടോ ഗോഡൗൻണിന് മുന്നിൽ വെച്ച് ദർശന്റെ കൂട്ടാളി പവൻ പകർത്തിയതാണ്. ഇത് വാട്സ് ആപ്പ് വഴി അയച്ചു കൊടുത്തായിരുന്നു രേണുക സ്വാമി കസ്റ്റഡിയിൽ ഉണ്ടെന്ന വിവരം സംഘം ദർശനെ അറിയിച്ചത്. ഈ സമയം ആർ ആർ നഗറിലെ സ്റ്റോണി ബ്രുക് റെസ്റ്റോറന്റിലായിരുന്ന ദർശൻ പുലർച്ചെ മൂന്നു മണിയോടെ ഗോ ഡൗണിൽ എത്തുകയും രേണുക സ്വാമിയെ മർദ്ദിച്ചവശനാക്കി മരണം ഉറപ്പാക്കുകയായിരുന്നു എന്നാണ് കുറ്റപത്രത്തിലുള്ളത്.

ദർശന്റെയും സംഘത്തിന്റെയും ആക്രമണത്തിൽ രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകൾ തകർന്നിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു, രേണുകസ്വാമിയുടെ ശരീരത്തിലാകെ മുറിവേറ്റ 39 പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തലയിൽ ആഴത്തിലുള്ള മുറിവുമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം വൈദ്യുതാഘാതം ഏൽപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷം പണവും സ്വാധീനവും ഉപയോഗിച്ച് മൃതദേഹം അടക്കം ചെയ്യാനും കേസന്വേഷണം വഴിതിരിച്ചുവിടാനും സംഘം ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. രേണുകസ്വാമി കൊലക്കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ദർശൻ്റെ അഭിഭാഷകർ. എന്നാൽ ജയിലിലെ പ്രത്യേക പരിഗണന കണക്കിലെടുത്ത് ജാമ്യം ലഭിക്കുക എളുപ്പമാകില്ലെന്നാണ് സൂചന.

ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. ജൂൺ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്. ആദ്യം പൊലീസ് ഇതൊരു ആത്മഹത്യയാണ് എന്നാണ് കരുതിയത്. എന്നാല് പീന്നീട് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു.

മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കയ്യിലും ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ കസ്റ്റഡിയിലായവർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായി എന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അവർ ആദ്യം സാമ്പത്തിക തർക്കത്തിൽ കൊലപാതകം നടത്തിയെന്നാണ് പറഞ്ഞത്. എന്നാൽ തുടർന്നും പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതൽപ്പേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ദർശൻറെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടർന്നായിരുന്നു അറസ്റ്റ്.

നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിൽ പ്രകോപിതനായാണ് ദർശനും കൂട്ടാളികളും ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us