ന്യൂഡൽഹി: ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മുന്നിർദേശത്തിന് എതിരായി രാജാജി ടൈഗർ റിസർവിന്റെ ഡയറക്ടറായി ഇന്ത്യൻ ഫോറസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥനെ നിയമിച്ച സംഭവത്തിലാണ് വിമർശനം. മുഖ്യമന്ത്രിമാർ രാജാക്കന്മാരല്ല. നമ്മൾ ഫ്യൂഡൽ കാലഘട്ടത്തിലല്ല ജീവിക്കുന്നതെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമർശം.
"ഈ രാജ്യത്ത് പൊതു സമൂഹത്തിന്റെ വിശ്വാസ്യത എന്ന ഒന്നുണ്ട്. ഭരണനിർവാഹകൻ മുൻ കാലത്തെ രാജാക്കന്മാർക്ക് സമാനമാകണമെന്ന് ചിന്തിക്കാനാകില്ല. നമ്മൾ ഫ്യൂഡൽ കാലഘട്ടത്തിലല്ല ജീവിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്തിനാണ് ഒരു വ്യക്തിയോട് മാത്രം പ്രത്യേക പരിഗണന? മുഖ്യമന്ത്രിയാണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ," കോടതി ചോദിച്ചു.
ഉത്തരവിൽ ഉദ്യോഗസ്ഥനെ രാജാജി ടൈഗർ റിസർവിൽ നിയമിക്കരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ അത് ബോധപൂർവം കണ്ടില്ലെന്ന് നടിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഐഎഫ്എസ് ഉദ്യോഗസ്ഥനെ ടൈഗർ റിസർവ് ഡയറക്ടറായി നിയമിച്ച ഉത്തരവ് സെപ്റ്റംബർ മൂന്നിന് പിൻവലിച്ചതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഇഡി, സിബിഐ, സംസ്ഥാന പൊലീസ് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ എഫ്ഐആർ നടപടികളില്ലെന്നും സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഎൻഎസ് നദ്കർണി പറഞ്ഞു. അദ്ദേഹം ഒരു നല്ല ഓഫീസറാണ്. മറ്റാരോ അദ്ദേഹത്തിനെതിരെ ഇടപെടുകയാണെന്നും നദ്കർണി കോടതിയോട് പറഞ്ഞു.
നിരവധി ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച കോർബറ്റ് കടുവാ സങ്കേതവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഉദ്യോഗസ്ഥനെതിരെയും അച്ചടക്ക നടപടിയെടുത്തത്. മുഖ്യമന്ത്രി എല്ലാവരുടേയും അഭിപ്രായങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചത്. ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികൾ നടത്തേണ്ട ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. വകുപ്പു തല അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുന്നത് വരെ നല്ല ഉദ്യോഗസ്ഥൻ എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.