ന്യൂഡൽഹി: സ്വിഗ്ഗിയിലെ മുൻ ജീവനക്കാരൻ കമ്പനിയിൽ നിന്ന് 33 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്. കമ്പനിയിലെ മുൻ ജൂനിയർ ജീവനക്കാരനാണ് കോടികളുടെ വെട്ടിപ്പ് നടത്തിയത്. എന്നാൽ ഇയാളുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കമ്പനിക്ക് പുറത്തുള്ള ഒരു ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തി നിയമപരമായ നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ് സ്വിഗ്ഗി. സർക്കാരിന് സമർപ്പിച്ച 2023-2024 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് വെട്ടിപ്പിനെ കുറിച്ച് സ്വിഗ്ഗി വിശദീകരിക്കുന്നത്. അന്വേഷണത്തിൽ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇത്രയും തുക വാർഷിക റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്.
എന്നാൽ ഒരു ജൂനിയർ ജീവനക്കാരൻ ഇത്ര വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാർത്ത കമ്പനിയുടെ കോർപറേറ്റ് ഭരണ സംവിധാനത്തെക്കുറിച്ചും അതിന്റെ കാര്യക്ഷമതയെ കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 2350 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് നഷ്ടത്തിൽ 44 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. 2023-ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ നഷ്ടം 4179 കോടി രൂപയായിരുന്നു. വരുമാനത്തിൽ ഇക്കഴിഞ്ഞ വർഷം 36 ശതമാനത്തിന്റെ വളർച്ചയുണ്ടായി. കമ്പനിയുടെ ചെലവ് 13,947 കോടി രൂപയാണ്. ഇത് മുൻവർഷത്തേക്കാൾ 8% കുറവാണ്.