കൊല്ക്കത്ത: പശ്ചിമ ബംഗാളില് ബലാത്സംഗക്കുറ്റത്തിന് വധശിക്ഷ നല്കുന്ന അപരാജിത ബില് ഗവര്ണര് സി വി ആനന്ദ ബോസിന് സമര്പ്പിച്ച് സര്ക്കാര്. ഗവര്ണര്ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബില്ലിന്റെ പകര്പ്പ് അയച്ചു. ബില്ലിനൊപ്പം ടെക്നിക്കല് റിപ്പോര്ട്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്ണര് സര്ക്കാരിനോട് വിശദീകരണം തേടി. അതേസമയം, ഗവര്ണര് ബില് തടഞ്ഞുവെയ്ക്കാന് ശ്രമിക്കുന്നുവെന്ന് തൃണമൂല് കോണ്ഗ്രസ് ആരോപിച്ചു.
നിയമസഭ പാസാക്കുന്ന ബില്ലുകള്ക്കൊപ്പം ടെക്നിക്കല് റിപ്പോര്ട്ട് കൂടി സമര്പ്പിക്കണം. ടെക്നിക്കല് റിപ്പോര്ട്ട് സമര്പ്പിക്കുന്നതില് മമത സര്ക്കാര് വീഴ്ചവരുത്തിയെന്നാണ് ഗവര്ണറുടെ ആരോപണം. മുന്പും ഇത്തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ട്. സംഭവത്തില് സര്ക്കാര് ഉടന് വിശദീകരണം നല്കണമെന്നും ഗവര്ണര് ആവശ്യപ്പെട്ടു. മമത സര്ക്കാര് പാസാക്കിയ ബില്ലിനെതിരെ ഗവര്ണര് വിമര്ശനമുന്നയിക്കുകയും ചെയ്തു. ആന്ധ്രാപ്രദേശ് , മഹാരാഷ്ട്ര, അരുണാചല് പ്രദേശ് സര്ക്കാരുകള് പാസാക്കിയ ബില്ലിന്റെ കോപ്പി പേസ്റ്റാണ് സര്ക്കാര് പാസാക്കിയ ബില്ലെന്നായിരുന്നു ഗവര്ണറുടെ വിമര്ശനം.
പീഡന ആരോപണം; 'യുവതി വ്യാജ പരാതി നല്കി പണം തട്ടുന്നയാള്, വീട്ടില് പോയിട്ടില്ല': മുന് സിഐ വിനോദ്സെപ്റ്റംബര് മൂന്നിനാണ് മമത സര്ക്കാര് അപരാജിത ബില് നിയമസഭയില് പാസാക്കിയത്. സഭയിലെ മുഴുവന് അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങളില് മാതൃകാപരമായ ശിക്ഷ നല്കുകയാണ് ബില്ലിന്റെ ലക്ഷ്യം. ശിക്ഷ നടപ്പിലാക്കുന്ന കാലതാമസം വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തില് അത് ഓഴിവാക്കാനും അപരാജിത ബില് ലക്ഷ്യം വെയ്ക്കുന്നു. കൊല്ക്കത്ത ആര് ജി കര് ആശുപത്രിയില് ട്രെയിനി ഡോക്ടര് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മമത സര്ക്കാരിനെതിരായ ആയുധമാക്കി പ്രതിപക്ഷം സംഭവം ഉയര്ത്തിക്കാട്ടി. ഇതിന് പിന്നാലെയാണ് അപരാജിത ബില് സര്ക്കാര് പാസാക്കിയത്.