പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി ആര്എസ്എസ് മേധാവി മോഹന് ഭാഗവത്. ഒരാളുടെ പ്രവര്ത്തി കാണുന്ന ജനമാണ് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയെന്ന് മോഹന് ഭാഗവത് പറഞ്ഞു. അല്ലാതെ ആരും സ്വയം ദൈവം എന്ന് വിളിക്കില്ലെന്നും മോഹന് ഭാഗവത് അഭിപ്രായപ്പെട്ടു.
ജനങ്ങള്ക്ക് വേണ്ടി കഴിയുന്നയത്ര നല്ലത് ചെയ്യണം. തിളങ്ങുകയോ വേറിട്ട് നില്ക്കുകയോ ചെയ്യരുതെന്ന് ആരും പറയുന്നില്ല. ജോലിയിലൂടെ എല്ലാവര്ക്കും ആദരണീയ വ്യക്തികള് ആകാമെന്നും മോഹന് ഭാഗവത് കൂട്ടിച്ചേര്ത്തു. എന്നാല്, ആ തലത്തിലേക്ക് നമ്മള് എത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കുന്നത് നമ്മള് അല്ല, മറ്റുള്ളവരാണെന്നും മോഹന് ഭാഗവത് പറഞ്ഞു.
തന്റെ ജനനം ദൈവികമായ ഒന്നല്ലെന്നും ദൈവം അയച്ചതാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മോദിയുടെ ഊര്ജ്ജത്തിന്റെ കേന്ദ്രം എന്താണെന്ന അഭിമുഖത്തിലെ ചോദ്യത്തോടായിരുന്നു പ്രതികരണം.
'എന്റെ അമ്മ ജീവിച്ചിരിക്കുന്നതുവരെ, ഒരുപക്ഷേ എന്റെ ജനനം ഒരു ജൈവികമായ ഒന്നാണെന്ന ധാരണ എനിക്കുണ്ടായിരുന്നു. അവരുടെ വിയോഗത്തിന് ശേഷം, എല്ലാ അനുഭവങ്ങളും നോക്കുമ്പോള്, എന്നെ ദൈവം അയച്ചതാണെന്ന് ഞാന് മനസ്സിലാക്കുന്നു.' എന്നായിരുന്നു മോദിയുടെ പരാമര്ശം. താന് ഉള്ക്കൊള്ളുന്ന തരത്തിലുള്ള ഊര്ജ്ജം ജൈവികമായ ശരീരത്തില് നിന്ന് ഉണ്ടാകാന് കഴിയില്ലെന്നും ചിലത് നടപ്പിലാക്കാന് ആഗ്രഹിക്കുന്ന ദൈവം ഊര്ജ്ജം നല്കി തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമായിരുന്നു മോദി പറഞ്ഞത്.