ബെംഗളുരു: രേണുക സ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശന് ജയിലിൽ ടെലിവിഷൻ അനുവദിച്ച് ജയിൽ അധികൃതർ. ദർശന്റെ ജയിൽ മുറിയിൽ പ്രത്യേകം ടെലിവിഷൻ അനുവദിക്കുകയായിരുന്നു. ഗണേഷ് ചതുർത്ഥിയോടനുബന്ധിച്ചാണ് ടിവി നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ടെലിവിഷൻ വേണമെന്ന് ദർശൻ ആവശ്യപ്പെട്ടത്.
ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും മറ്റ് 15 പേരും കൊലപാതകക്കേസിൽ ജയിലിൽ കഴിയുകയാണ്. തട്ടിക്കൊണ്ടുപോകലും കൊലപാതകവുമടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ദർശന്റെ ആരാധകനായ രേണുക സ്വാമി എന്നയാളെയാണ് പവിത്രയെ സോഷ്യൽമീഡിയയിലൂടെ ശല്യം ചെയ്തതിന് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷനാണ് ദർശന് അനുവദിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തന്റെ കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള വിവരങ്ങൾ അറിയണമെന്നതാണ് ദർശന്റെ ആവശ്യം. ജയിലിന് പുറത്ത് നടക്കുന്ന വിവരങ്ങൾ അറിയാൻ തനിക്ക് 'ആകാംക്ഷ'യുണ്ടെന്നാണ് ദർശന്റെ അപേക്ഷയിൽ പറയുന്നത്.
ചില സാങ്കേതിക കാരണങ്ങള് പരിഹരിക്കേണ്ടതിനാൽ ടെലിവിഷൻ ഇതുവരെയും ഘടിപ്പിച്ചിട്ടില്ല. ജയിൽ മുറിയിലെ ഇന്ത്യൻ ശുചിമുറി ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഇയാൾക്ക് സർജിക്കൽ ചെയർ നൽകിയിരുന്നു. ഫോൺ ചെയ്യാനും ദർശന് അനുമതിയുണ്ട്. 35000 രൂപ ദർശന്റെ ചിലവുകൾക്കായി സ്വകാര്യ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ജയിലിലെ ക്യാന്റീനിൽ നിന്ന് വാങ്ങിയ ചായയ്ക്കും മറ്റുമായി 735 രൂപ ഇതിനോടകം ഉപയോഗിച്ച് കഴിഞ്ഞു.
ബെംഗളുരുവിലെ പരപ്പന ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ ദർശനെ നേരത്തെ ജയിൽ മാറ്റിയിരുന്നു. ജയിലിൽ ദർശൻ പുകവലിക്കുന്നതിന്റെയും ഫോൺ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നീക്കം. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദർശനെ ബെല്ലാരിയിലെ ജയിലിലേക്കാണ് മാറ്റിയത്. ഇവിടെയാണ് ഇപ്പോൾ ടെലിവിഷൻ അടക്കമുള്ള സൗകര്യങ്ങൾ ദർശന് ഒരുക്കി നൽകിയിരിക്കുന്നത്.