ചികിത്സിക്കാന് ഡോക്ടര്മാരില്ല; ആര്ജി കര് ആശുപത്രിയില് യുവാവിന് ദാരുണാന്ത്യം

മകനെ ആശുപത്രിയില് എത്തിക്കുമ്പോള് ചികിത്സിക്കാന് ഡോക്ടര്മാർ ഉണ്ടായിരുന്നില്ലെന്ന് യുവാവിന്റെ മാതാവ് ആരോപിച്ചു

dot image

കൊല്ക്കത്ത: ട്രെയിനി ഡോക്ടര് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്ക്കത്ത ആര്ജി കര് ആശുപത്രിയില് അപകടത്തില് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവിന് ദാരുണാന്ത്യം. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്ന്ന് മകന് മരിച്ചുവെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. മകനെ ആശുപത്രിയില് എത്തിക്കുമ്പോള് ചികിത്സിക്കാന് ഡോക്ടര്മാർ ഉണ്ടായിരുന്നില്ലെന്ന് യുവാവിന്റെ മാതാവ് ആരോപിച്ചു.

'എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്; സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല': വി ഡി സതീശന്

കൊല്ക്കത്തയില് നിന്ന് 25 കിലോമീറ്റര് അകല ഹൂഗ്ലിയിലെ കോന്നാര് സ്വദേശിയായ ബിക്രം ഭട്ടാചാജി(28)യാണ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തില് ഗുരുതരമായി പരിക്കേറ്റാണ് ബിക്രമിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ബിക്രമിനെ എമര്ജന്സി വാര്ഡില് എത്തിക്കുമ്പോള് പരിശോധിക്കാന് ഡോക്ടര്മാര് ഉണ്ടായിരുന്നില്ലെന്ന് അമ്മ കബിത ഭട്ടാചാജി ആരോപിച്ചു. മണിക്കൂറുകള്കൊണ്ട് ബിക്രമിന്റെ സര്ജറി പൂര്ത്തിയാക്കാമായിരുന്നു. എന്നാല് ഡോക്ടര്മാര് ഇല്ലാതിരുന്നതിനാല് ചികിത്സ വൈകിയെന്നും കബിത പറഞ്ഞു.

അതേസമയം ബിക്രമിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള് ആശുപത്രി അധികൃതര് നിഷേധിച്ചു. ബിക്രമിനെ ആശുപത്രിയില് എത്തിച്ച ഉടന് ട്രോമ കെയറില് പ്രവേശിപ്പിച്ചു എന്നായിരുന്നു മെഡിക്കല് കോളേജ് വൈസ് പ്രിന്സിപ്പലും മെഡിക്കല് സുപ്പീരിയന്ഡന്റുമായ ഡോ. സപ്തര്ഷി ചാറ്റര്ജി പറഞ്ഞത്. അപകടത്തില് ബിക്രമിന്റെ രണ്ട് കാലുകള്ക്കും തലയ്ക്കും ഗുരുതര പരിക്ക് സംഭവിച്ചിരുന്നു. സിടി സ്കാന് എടുക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെ ബിക്രമിന് മരണം സംഭവിക്കുകയായിരുന്നുവെന്നും ഡോ. സപ്തര്ഷി ചാറ്റര്ജി പറഞ്ഞു.

ആശുപത്രിയില് ഡ്യൂട്ടിയിലായിരുന്ന ട്രെയിനി ഡോക്ടര് അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്ന്ന് ആശുപത്രി അധികൃതര്ക്കും പൊലീസുമെതിരെ കൊല്ക്കത്തയില് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ആര്ജി കറിലെ മുന് പ്രിന്സിപ്പല് സന്ദീപ് ഘോഷിനടക്കം സംഭവത്തില് പങ്കുണ്ടെന്നാണ് ആരോപണം. കേസ് ഒതുക്കിതീര്ക്കാന് കൊല്ക്കത്ത പൊലീസ് ശ്രമിച്ചതായും ആരോപണം ഉയര്ന്നിരുന്നു. ഇതിന് പിന്നാലെ കേസ് സിബിഐക്ക് വിട്ടു. കേസില് സിബിഐ ഉടന് കുറ്റപത്രം സമര്പ്പിക്കും. ഇതിനിടെയാണ് ആര്ജി കറില് അധികൃതരുടെ അനാസ്ഥയെ തുടര്ന്ന് യുവാവിന് ജീവന് നഷ്ടപ്പെട്ട വാര്ത്തയും പുറത്തുവരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us