നീണ്ട പത്ത് വർഷത്തെ ഉദ്യോഗസ്ഥ ഭരണത്തിനൊടുവില് ജമ്മു കശ്മീരിൽ തിരികെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്തംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്നഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് ജമ്മു കശ്മീരിനെ ചൂട് പിടിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. 2019 ഓഗസ്റ്റില് ആര്ട്ടിക്കിള് 370 എടുത്ത് കളഞ്ഞുകൊണ്ട് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്വലിച്ചതിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന നിലയിൽ കൂടി രാഷ്ട്രീയ പാർട്ടികൾക്കും കാശ്മീർ ജനതയ്ക്കും ഏറെ നിർണ്ണായകമാകുന്ന ഒരു തിരഞ്ഞെടുപ്പാണിത്. പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ബിജെപി കഴിഞ്ഞ പത്ത് വർഷം കൊണ്ട് കശ്മീരിൽ നടപ്പിലാക്കിയ മാറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന പ്രോഗ്രസ് കൂടിയാകും ഒക്ടോബർ നാലിന് പുറത്ത് വരുന്ന തിരഞ്ഞെടുപ്പ് ഫലം.
തിരഞ്ഞെടുപ്പിൽ മറ്റ് പാർട്ടികളോടൊന്നും സഖ്യമില്ലാതെ മത്സരിക്കാനാണ് ബിജെപിയുടെ പദ്ധതി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടാൻ കഴിഞ്ഞതിൻ്റെ ആത്മവിശ്വാസവും ബിജെപിക്കുണ്ട്. പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലയിൽ സ്വതന്ത്രരെ നിർത്തി വിജയിപ്പിച്ചെടുക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്. അതേ സമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ സഖ്യ ചർച്ചകൾക്ക് ശ്രമം നടത്തിയിരുന്ന കോൺഗ്രസ് ഒടുവിൽ നാഷണൽ കോൺഫറൻസുമായി സീറ്റ് ധാരണയിലെത്തി. 32 സീറ്റിൽ കോൺഗ്രസും 51 സീറ്റിൽ എൻസിയുമാണ് മത്സരിക്കുക. അഞ്ചു മണ്ഡലത്തിൽ ഇരു പാർട്ടികളും സൗഹൃദമത്സരത്തിലാണ്. ബാക്കിയുള്ള ഒരു സീറ്റിൽ കുൽഗാമിൽ സിപിഐഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിയെ ഇരുപാർട്ടികളും പിന്തുണയ്ക്കും. ദേശീയതലത്തിൽ ഇന്ഡ്യ കൂട്ടായ്മയ്ക്കൊപ്പമുള്ള മെഹ്ബൂബ മുഫ്തിയുടെ പിഡിപി നാഷണൽ കോൺഫറൻസുമായി അഭിപ്രായഭിന്നതയിലാണ്. അതിനാൽ തന്നെ ഇത്തവണ അവർ തനിച്ചാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലത്തിലെ ലീഡ് നോക്കുമ്പോൾ അകെയുള്ള 90 മണ്ഡലങ്ങളിൽ 46 മണ്ഡലങ്ങളിൽ ബിജെപി ഇതരകക്ഷികൾക്ക് ലീഡുണ്ടായിരുന്നു. പിഡിപിയും നാഷണൽ കോൺഫറൻസും കോൺഗ്രസും ആം ആദ്മി പാർട്ടിയും ആദ്യ ഘട്ടം നടക്കുന്ന ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയാകട്ടെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും വിവരങ്ങളും ഇതിനകം തന്നെ പുറത്ത് വിട്ടിട്ടുണ്ട്.
ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തന്നെ ചൂടേറിയ രാഷ്ട്രീയ വാദ പ്രതിവാദങ്ങൾക്കാണ് വഴിവെച്ചിരുന്നത്. 'ജനാധിപത്യത്തിന്റെ ഉത്സവം വീണ്ടും ജമ്മു കാശ്മീരിൽ' എന്ന് ബിജെപി വാദമുയർത്തിയപ്പോൾ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി നിശ്ചയിച്ച കാലാവധി അവസാനിക്കാനിരിക്കെ ബിജെപിയും കേന്ദ്ര സര്ക്കാരും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന് നിര്ബന്ധിതരാവുകയിരുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ, സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായം, അഗ്നിവീർമാർക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുത്തി 25 പദ്ധതികളടങ്ങിയ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ബിജെപി പുറത്തിറക്കിയത്. കുടുംബത്തിലെ മുതിർന്ന സ്ത്രീക്ക് പ്രതിവർഷം 18,000 രൂപയുടെ സഹായധനം, കോളേജ് വിദ്യാർഥികൾക്ക് യാത്രച്ചിലവിനത്തിൽ പ്രതിവർഷം 3000 രൂപ, കൃഷിയാവശ്യത്തിന് പകുതിനിരക്കിൽ വൈദ്യുതി, ഉജ്ജ്വല പദ്ധതിപ്രകാരം കുടുംബങ്ങൾക്ക് പ്രതിവർഷം രണ്ട് സൗജന്യ ഗ്യാസ് സിലിൻഡറുകൾ തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. എന്നാൽ ബിജെപിയുടെ പ്രകടനപത്രിക വെറും വാചകടി മാത്രമാണെന്ന് കോൺഗ്രസും പിഡിപിയും എൻസിയും തിരിച്ചടിച്ചു.
ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ട് വന്ന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്നാണ് കോൺഗ്രസ് അടക്കമുള്ള മറ്റ് രാഷ്ട്രീയ പാർട്ടികൾ പ്രധാന വാഗ്ദാനമായി മുന്നോട്ട് വെച്ചിരുന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് രാഹുൽ ഗാന്ധി നടത്തിയ റാലിയിലും ഇക്കാര്യം ഉയർത്തി കാട്ടിയിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 ചരിത്രമായി കഴിഞ്ഞുവെന്നും ഇനിയൊരിക്കലും അത് തിരിച്ചുകൊണ്ട് വരാൻ കഴിയില്ലെന്നും പറഞ്ഞ് അമിത് ഷാ തന്നെ ഇതിനെതിരെ രംഗത്തെത്തി. 2014 വരെ ജമ്മു കശ്മീര് വിഘടനവാദത്തിൻ്റെയും ഭീകരവാദത്തിൻ്റെയും നിഴലിലായിരുന്നുവെന്നും അതിൽ നിന്നുള്ള മോചനായിരുന്നു കേന്ദ്രസർക്കാർ നടത്തിയതെന്നും തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയുള്ള ചടങ്ങിൽ അമിത് ഷാ പറഞ്ഞു.
തീവ്രവാദത്തിൻ്റെ പേരിലും തിരഞ്ഞെടുപ്പിന് മുന്നോടിയായി വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ട്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ പാടില്ലായിരുന്നുവെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് രാജ്നാഥ് സിങാണ് രംഗത്തെത്തിയത്. നാഷണൽ കോൺഫറൻസ് ത്രീവവാദികളെയും പാകിസ്താനെയും സഹായിക്കുന്നുവെന്ന് ആരോപിച്ച കേന്ദ്ര പ്രതിരോധ മന്ത്രി അഫ്സൽ ഗുരുവിനെ പിന്നെ മാലയിട്ട് പൂജിക്കണമായിരുന്നോ എന്നും ചോദിച്ചു. എന്നാൽ ഇതിനെതിരെ ഒമർ അബ്ദുള്ള അതിരൂക്ഷമായാണ് പ്രതികരിച്ചത്. ത്രീവവാദത്തിനെതിരെ ത്യാഗം ചെയ്ത ഒരേയൊരു പാർട്ടിയാണ് തങ്ങളുടേതെന്ന് അദ്ദേഹം വാദിച്ചു. താൻ ഭരിച്ച ആറുവർഷം പ്രദേശത്ത് നടന്ന ഭീകരാക്രമണവും കേന്ദ്രസർക്കാരിന്റെ കഴിഞ്ഞ കാലത്തുണ്ടായ ഭീകരാക്രമണവും താരതമ്യം ചെയ്യാൻ ആഭ്യന്തര മന്ത്രി തയ്യാറാവണമെന്നതും ഒമർ തിരിച്ചടിച്ചു. ഇതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജമ്മു കശ്മീരില് എത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. സെപ്റ്റംബർ 14-ന് പ്രദേശത്തെത്തുന്ന മോദി വിവിധ റാലികളിൽ പങ്കെടുക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മടങ്ങിയ രാഹുൽ ഗാന്ധിയും അടുത്ത ദിവസങ്ങളിൽ വീണ്ടുമെത്തും. പ്രചാരണം കനക്കുന്നതോടെ 35 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ് ഇത്തവണ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.