'അഫ്സൽ ഗുരുവിനെ പിന്നെ മാലയിട്ട് പൂജിക്കണമായിരുന്നോ?'; ഒമർ അബുള്ളയ്ക്ക് മറുപടിയുമായി രാജ്നാഥ് സിങ്

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ പാടില്ലായിരുന്നുവെന്ന ജമ്മുകശ്മിർ നാഷണൽ കോൺഫറസ് നേതാവ് ഒമർ അബ്ദുള്ളയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് രാജ്നാഥ് സിങ്

dot image

ശ്രീനഗർ: 2001ലെ പാർലമെന്റ് ആക്രമണത്തിൽ ശിക്ഷിക്കപ്പെട്ട അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാൻ പാടില്ലായിരുന്നുവെന്ന ജമ്മുകാശ്മിർ നാഷണൽ കോൺഫറസ് നേതാവ് ഒമർ അബ്ദുള്ളയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും കേന്ദ്രപ്രതിരോധ മന്ത്രിയും കൂടിയായ രാജ്നാഥ് സിങ്. ജമ്മു കാശ്മിരിലെ റമ്പാൻ, ബനിഹാൾ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിച്ച അദ്ദേഹം ആർട്ടിക്കിൾ 370 തിരിച്ചു കൊണ്ട് വന്ന് ജമ്മുകാശ്മിരിന്റെ സംസ്ഥാന പദവി തിരിച്ചു കൊണ്ടുവരുമെന്ന നാഷണൽ കോൺഫറൻസിന്റെ വാദവും തള്ളി. 2014 വരെ തീവ്രവാദത്തിന്റെ നിഴലിലായിരുന്ന കശ്മീരിനെ മോചിപ്പിക്കുകയാണ് ബിജെപി ചെയ്തതെന്നും നാഷണൽ കോൺഫറൻസ് ത്രീവവാദികളെ സഹായിക്കുന്ന സംഘടനയാണെന്നും രാജ്നാഥ് സിങ് വിമർശിച്ചു.

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലൂടെ ഒരു ലക്ഷ്യവും നേടിയില്ലെന്നാണ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ അബ്ദുള്ള പറഞ്ഞത്. 'അഫ്സൽ ഗുരുവിന്റെ വധശിക്ഷയുമായി ജമ്മുകശ്മീര് സര്ക്കാരിന് ഒരു ബന്ധവുമില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. ഞങ്ങൾ അങ്ങനെ ചെയ്യുമായിരുന്നില്ല. അദ്ദേഹത്തെ തൂക്കിലേറ്റിയതിലൂടെ എന്തെങ്കിലും ലക്ഷ്യം നേടിയെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ - ഒമര് അബ്ദുള്ള പറഞ്ഞിരുന്നു. ഇതാണ് രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയത്.

നേരത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കാൻ സംസ്ഥാനത്തെത്തിയ അമിത് ഷായും നാഷണൽ കോൺഫറൻസിനെ വിമർശിച്ചിരുന്നു. ആർട്ടിക്കിൾ 370 ചരിത്രമായി കഴിഞ്ഞുവെന്നും ഇനിയൊരിക്കലും അത് തിരിച്ചുകൊണ്ട് വരാൻ കഴിയില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ അമിത് ഷായ്ക്കെതിരെ വിമർശനവുമായി ഒമർ അബ്ദുള്ള തൊട്ട് പിന്നാലെ രംഗത്തെത്തുകയായിരുന്നു. തീവ്രവാദത്തിനെതിരെ ജമ്മുകശ്മീരിൽ ഏതെങ്കിലുമൊരു സംഘടന ത്യാഗം ചെയ്തിട്ടുണ്ടെങ്കിൽ അത് ജെഎൻസി ആണെന്ന് പറഞ്ഞ ഒമർ ബിജെപിക്ക് കീഴിലുള്ള കഴിഞ്ഞ വർഷങ്ങളാണ് തീവ്രവാദം കൂടുതൽ ശക്തി പ്രാപിച്ചത് എന്നും വിമർശിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇവിടുത്തെ ജനങ്ങളുടെ അവകാശമാണെന്നും അത് നേടിയെടുക്കാൻ തന്റെ പാർട്ടി പ്രതിജ്ഞാബന്ധരാണെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.

നീണ്ട പത്ത് വർഷത്തെ ഉദ്യോഗസ്ഥ ഭരണത്തിനൊടുവില് ജമ്മു കാശ്മീരിൽ തിരികെയെത്തുന്ന തിരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യം ചേർന്നാണ് മത്സരിക്കുന്നത്. 32 സീറ്റിൽ കോൺഗ്രസും 51 സീറ്റിൽ എൻസിയുമാണ് മത്സരിക്കുക. അഞ്ചു മണ്ഡലത്തിൽ ഇരു പാർട്ടിയും സൗഹൃദമത്സരത്തിലാണ്. ബാക്കിയുള്ള ഒരു സീറ്റിൽ കുൽഗാമിൽ സിപിഐ എം സ്ഥാനാർഥി മുഹമദ് യൂസഫിനെ ഇരുപാർട്ടികളും പിന്തുണയ്ക്കും. അതേ സമയം നാഷണൽ കോൺഫറൻസുമായി ഉടക്കിലുള്ള ദേശീയതലത്തിൽ ഇന്ഡ്യ കൂട്ടായ്മയ്ക്കൊപ്പമുള്ള മെഹ്ബൂബ മുഫ്തിയുടെ പിഡിപി തനിച്ചാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ നിയമസഭാ മണ്ഡലത്തിലെ ലീഡ് നോക്കുമ്പോൾ ആകെയുള്ള 90 മണ്ഡലങ്ങളിൽ 46 മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് കഴിഞ്ഞിരുന്നു. അതേ സമയം ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. സ്വാധീനം കുറവുള്ള മണ്ഡലങ്ങളിൽ സ്വതന്ത്രരെ നിർത്തി സീറ്റ് പിടിച്ചെടുക്കാനും നീക്കമുണ്ട്. അമിത് ഷായ്ക്കും രാജ്നാഥ് സിങിനും പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജമ്മു കശ്മീരില് എത്തുന്നുണ്ട്. സെപ്റ്റംബർ 14-ന് സംസ്ഥാനത്തെത്തുന്ന മോദി വിവിധ റാലികളിൽ പങ്കെടുക്കും.

പാർട്ടി ചരിത്രത്തിൽ ഇതാദ്യം; രാഹുലും ഖർഗെയും ഇന്ന് ജമ്മുവിൽ; കശ്മീർ പിടിക്കാനുറച്ച് കോൺഗ്രസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us