കൊല്ക്കത്ത: ആര്ജി കര് മെഡിക്കല് കോളേജ് ആശുപത്രിയില് പിജി ഡോക്ടര് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധിച്ച് തൃണമൂല് കോണ്ഗ്രസ് എംപി രാജിവച്ചു. തൃണമൂലിന്റെ രാജ്യസഭാ എംപി ജവഹര് സിര്ക്കാര് ആണ് രാജിവച്ചത്. മമത സര്ക്കാരിനെതിരെ വിമര്ശനമുന്നയിച്ചാണ് സിര്ക്കാറിന്റെ നടപടി.
അഴിമതിക്കെതിരെ സര്ക്കാര് നടപടി സ്വീകരിക്കാത്തത്തില് നിരാശയെന്ന് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് അധ്യക്ഷയുമായ മമത ബാനര്ജിക്ക് അയച്ച കത്തില് സിര്ക്കാര് പറഞ്ഞു. ഉന്നത സ്ഥാനം വഹിക്കുന്ന ഡോക്ടര്മാര് അടക്കമുള്ളവര് അഴിമതി നടത്തുന്നത് അംഗീകരിക്കാന് കഴിയുന്ന കാര്യമല്ലെന്നും സിര്ക്കാര് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് വര്ഷക്കാലം ബംഗാളിലെ ജനങ്ങളുടെ പ്രശ്നങ്ങള് പാര്ലമെന്റില് അവതരിപ്പിക്കാന് അവസരം നല്കിയതില് സന്തോഷമുണ്ട്. എന്നാല് എംപി സ്ഥാനത്തില് തുടരാന് താന് ആഗ്രഹിക്കുന്നില്ല. അഴിമതിക്കും വര്ഗീയതയ്ക്കുമെതിരായ പോരാട്ടം തുടരുമെന്നും സിര്ക്കാര് പറഞ്ഞു. ആര്ജി കറിലെ സംഭവത്തില് കാര്യമായ നടപടി സ്വീകരിക്കാത്ത മമത ബാനര്ജിയോട് കഴിഞ്ഞ കുറച്ചുനാളുകളായി സിര്ക്കാര് പ്രതിഷേധത്തിലായിരുന്നു. മമത ബാനര്ജിയോട് സംസാരിക്കാന് പോലും സിര്ക്കാര് തയ്യാറായിരുന്നില്ല.
'പൂഴ്ത്തിയ 5 പേജുകള് തരില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ടിൽ സാംസ്കാരിക വകുപ്പ്ആര്ജി കറില് ഓഗസ്റ്റ് ഒന്പതിനാണ് ട്രെയിനി ഡോക്ടര് അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനയച്ച ശേഷമായിരുന്നു കൊല്ക്കത്ത പോലീസ് സംഭവത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്യാന് പോലും തയ്യാറായത്. ഡോക്ടറുടെ മാതാപിതാക്കളെ മൃതദേഹം കാണിക്കാന് പോലും പൊലീസ് തയ്യാറായില്ല. ഇതോടെ കേസ് അട്ടിമറിക്കാന് പൊലീസ് ഇടപെടല് നടത്തിയെന്ന ആരോപണമുയര്ന്നു. ഡോക്ടര്ക്ക് നീതി തേടി രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. ഒടുവില് കേസ് സിബിഐക്ക് വിട്ട് സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചു. കേസില് സിബിഐ അന്വേഷണം അന്തിമഘട്ടത്തിലാണ്. പൊലീസ് അറസ്റ്റ് ചെയ്ത സിവിക് വോളന്റീര് സഞ്ജയ് റോയി മാത്രമാണ് സിബിഐയുടേയും പ്രതിപ്പട്ടികയിലുള്ളത്. കേസില് സിബിഐ ഉടന് കുറ്റപത്രം സമര്പ്പിക്കും.