ന്യൂഡൽഹി: സംവരണം നിർത്തലാക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി. പിന്നാക്ക വിഭാഗങ്ങൾ ജാഗ്രത പാലിക്കണനെന്നും മായാവതി കൂട്ടിച്ചേർത്തു. യുഎസിലെ ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടെ ഇന്ത്യ ന്യായമുള്ള സ്ഥലമാകുമ്പോൾ സംവരണം റദ്ദാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മായാവതിയുടെ പരാമർശം. അധികാരത്തിലിരുന്ന കാലത്ത് കോൺഗ്രസ് ജാതി സെൻസസ് നടപ്പാക്കുകയോ ഒബിസി സംവരണം കൊണ്ടുവരികയോ ചെയ്തിട്ടില്ല.
'ഇപ്പോൾ ജാതി സെൻസസ് എന്ന മറയിട്ട് അധികാരിത്തിൽ വരുമെന്ന് ആശിച്ചിരിക്കുകയാണ് കോൺഗ്രസ്. ഈ നാടകത്തോട് ജനങ്ങൾ ജാഗ്രത പുലർത്തണം. ജാതി സെൻസസ് കോൺഗ്രസ് നടപ്പാക്കില്ല. വിദേശ യാത്രയ്ക്കിടെ ഇന്ത്യ ന്യായമായ സ്ഥലമാകുമ്പോൾ എസ് സി/എസ് ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം റദ്ദാക്കണമെന്ന് ഇപ്പോൾ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോടും ജനങ്ങൾ ജാഗ്രത പുലർത്തണം. ഇതിൽ നിന്ന് തന്നെ സംവരണം നിർത്തലാക്കാൻ കോൺഗ്രസ് ഏറെക്കാലമായി ഗൂഢാലോചന നടത്തുകയാണെന്നത് വ്യക്തമാണ്', മായാവതി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ തീർച്ചയായും അവർ സംവരണം നിർത്തലാക്കും. സംവരണവും ഭരണഘടനയും സംരക്ഷിക്കുമെന്ന് പറയുന്ന കോൺഗ്രസിനെതിരെ സംവരണ വിഭാഗത്തിൽ പെടുന്നവർ ജാഗ്രത പാലിക്കണണെന്നും മായാവതി കൂട്ടിച്ചേർത്തു.
ആദ്യഘട്ടം മുതലേ കോൺഗ്രസ് സംവരണ വിരുദ്ധമായാണ് പെരുമാറുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്ത് സംവരണം പൂർണമായും നടപ്പാക്കിയിട്ടില്ല. നിയമമന്ത്രി സ്ഥാനത്തുനിന്നും ബി ആർ അംബേദ്കർ രാജിവെച്ചത് പാർട്ടിയിൽ നിന്നും അദ്ദേഹത്തിന് നീതി ലഭിക്കാതിരുന്നതിനാലാണെന്നും മായാവതി കൂട്ടിച്ചേർത്തു. അതേസമയം രാഹുൽ ഗാന്ധിയുടെ പരാമർശം അധികാരം ലഭിക്കാത്തതിലുള്ള അമർഷത്തിന്റെ പ്രതിഫലനമാണെന്നാണ് ബിജെപിയുടെ പ്രതികരണം. ലോക് ജൻശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാനും രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ മനോഭാവമാണ് രാഹുൽ ഗാന്ധി തുറന്നുകാട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ സംവരണം എത്ര കാലം നിലനിൽക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ജാതി സെൻസസ് തടയാനാകാത്ത ചിന്തയായി മാറിക്കഴിഞ്ഞു. സാമ്പത്തിക കണക്കുകൾ നോക്കുമ്പോൾ, ആദിവാസികൾക്ക് 100 രൂപയിൽ 10 പൈസ ലഭിക്കും; ദളിതർക്ക് 100 രൂപയിൽ 5 രൂപയും ഒബിസിക്ക് സമാനമായ സംഖ്യയും ലഭിക്കും. അവർക്ക് പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് വസ്തുതയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.