റായ്പൂർ: ഛത്തീസ്ഗഡിൽ സർക്കാർ സ്കൂളിലെ ക്ലാസ്മുറിയിൽ മദ്യക്കുപ്പികളുമായി വിദ്യാർത്ഥിനികൾ. വിദ്യാർത്ഥിനികൾ സ്കൂളിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ബിലാസ്പൂർ ജില്ലയിൽ സർക്കാർ സ്കൂളിലാണ് സംഭവം. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ 29ന് ചിത്രീകരിച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സ്കൂൾ പരിധിയിൽ വിദ്യാർത്ഥിനികൾ സംഘം ചേർന്ന് മദ്യപിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന് പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
വിഷയത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ അധികൃതർ നിയോഗിച്ചിട്ടുണ്ട്. അതേസമയം ബിയർ കുപ്പികൾ കയ്യിൽ പിടിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും സ്കൂൾ പരിധിക്കുള്ളിൽ മദ്യപിച്ചിട്ടില്ലെന്നുമാണ് കുട്ടികളുടെ വിശദീകരണം.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളിനെതിരെ നടപടി സ്വീകരിക്കുമെന്നും വീഡിയോയിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾക്ക് നോട്ടീസയക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജൂലൈ 29നായിരുന്നു സംഭവം. സഹപാഠിയുടെ പിറന്നാളാഘോഷം ക്ലാസ്മുറിയിൽ വെച്ച് വിദ്യാർത്ഥിനികൾ നടത്തിയിരുന്നു. ഇതിനിടെ വിദ്യാർത്ഥിനികൾ മദ്യപിക്കുകയായിരുന്നു. ഇതിലൊരു വിദ്യാർത്ഥിനി പിന്നീട് വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിനികൾക്കെതിരെ സ്കൂൾ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.