ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. അഞ്ച് ദിവസത്തേയ്ക്കാണ് ഇന്റര്‍നെറ്റ് നിരോധനം. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സെപ്റ്റംബര്‍ 15 വരെയാണ് ഈ നടപടി തുടരുക. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തടയാനാണ് നടപടിയെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോകളും അടക്കം പങ്കുവെയ്ക്കുന്നത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാം എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബല്‍ ജില്ലകളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആരോഗ്യം, വൈദ്യുതി, മുനിസിപ്പല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കോടതി പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ അവശ്യ സേവനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
അതിനിടെ മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായി. കാങ്‌പോക്പിയില്‍ കുക്കി-മെയ്‌തേയി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. നെജാംകോള്‍ ലുങ്ഡിം എന്ന 46കാരിയാണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സ്ത്രീയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്ന ഇംഫാലില്‍ കൂടുതല്‍ സൈന്യത്തെയും പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മണിപ്പൂരില്‍ പത്ത് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.