പുരുഷ നഴ്‌സിങ് വിദ്യാര്‍ത്ഥിക്ക് നേരെ പീഡനശ്രമം; ആര്‍ജി കര്‍ മുന്‍ പ്രിന്‍സിപ്പലിനെതിരെ ഹോങ്കോങില്‍ കേസ്

വസ്ത്രം മാറുന്ന മുറിയില്‍വെച്ച് സന്ദീപ് ഘോഷ് തന്റെ പിന്‍ഭാഗത്തും സ്വകാര്യ ഭാഗത്തും സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആരോപണം

dot image

കൊല്‍ക്കത്ത: ലൈംഗികാതിക്രമം നടത്തിയെന്ന പുരുഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ ഹോങ്കോങില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹോങ്കോങിലെ കൗലൂണിലുള്ള ക്വീന്‍ എലിസബത്ത് ആശുപത്രിയിലാണ് സംഭവം നടന്നത്. ഈ കാലയളവില്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിയക് വിഭാഗത്തിലായിരുന്നു സന്ദീപ് ഘോഷ്. വസ്ത്രം മാറുന്ന മുറിയില്‍വെച്ച് സന്ദീപ് ഘോഷ് തന്റെ പിന്‍ഭാഗത്തും സ്വകാര്യ ഭാഗത്തും സ്പര്‍ശിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആരോപണം. 'ഡു യു ലൈക്ക്' എന്ന് ഘോഷ് ചോദിച്ചതായും വിദ്യാര്‍ത്ഥി ആരോപിച്ചു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് കൗലൂണ്‍ സിറ്റി മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലെത്തി.

കോടതിയില്‍ സന്ദീപ് ഘോഷ് കുറ്റം നിഷേധിച്ചു. ആരോപണം തെറ്റിദ്ധാരണമൂലമാണെന്നായിരുന്നു ഘോഷിന്റെ വിശദീകരണം. ഈ സമയം തന്റെ തോളിന്റെ കുഴ തെറ്റിയിരുന്നു. ഇത് എങ്ങനെ ശരിയാക്കാം എന്ന് കാണിച്ചുകൊടുക്കുന്നതിനിടെ കൈ അബദ്ധത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നുവെന്നും ഘോഷ് പറഞ്ഞു. താന്‍ പറഞ്ഞത് 'ഡു ഇറ്റ് ലൈക്ക് ദിസ്' എന്നാണ്. അത് 'ഡു യു ലൈക്ക്' എന്ന് വിദ്യാര്‍ത്ഥി കേട്ടതിന്റെ പ്രശ്‌നമാണ്. വിദ്യാര്‍ത്ഥിക്ക് ഇംഗ്ലീഷ് അത്രയ്ക്ക് വശമില്ലെന്നും ഘോഷ് പറഞ്ഞു. ഷോള്‍ഡര്‍ പ്രശ്‌നത്തിന് ചികിത്സ തേടേണ്ടതുണ്ടെന്നും ഇത് പരിഗണിച്ച് ഇളവ് നല്‍കണമെന്നും കോടതിയില്‍ ഘോഷ് ആവശ്യപ്പെട്ടു. തോളിലെ പ്രശ്‌നത്തിന് തെളിവായി എംആര്‍എ സ്‌കാനിങ് റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിച്ച കോടതി ഘോഷിനെ കുറ്റവിമുക്തനാക്കി. എന്നാല്‍ ഘോഷ് മനപൂര്‍വം തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ആവര്‍ത്തിച്ച് നഴ്‌സിങ് വിദ്യാര്‍ത്ഥി രംഗത്തെത്തി.

ആര്‍ജി കര്‍ ആശുപത്രിയില്‍ ട്രെയിനി നഴ്‌സിംഗ് വിദ്യാര്‍ത്ഥി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സന്ദീപ് ഘോഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ കൊലപാതകം ആത്മഹത്യയായി വരുത്തി തീര്‍ക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചിരുന്നു. ഡോക്ടര്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് സന്ദീപ് ഘോഷ് കത്തയച്ചതും സംശയത്തിനിടയാക്കി. അതിനിടെ ആര്‍ജി കറില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെ സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. ആര്‍ജി കറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സന്ദീപ് ഘോഷിന്റെ സുഹൃത്തും അടുത്ത അനുയായികളുമായ മൂന്ന് പേരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us