ബംഗളൂരു: നേതൃമാറ്റ ചർച്ചകളും പരസ്യ പ്രസ്താവനകളും വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്തയച്ച് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ. മുഡ അഴിമതി കേസിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ അനുമതി കോടതി ശരിവെച്ചാൽ മുഖ്യമന്ത്രി പദം ഒഴിയണമെന്ന ചർച്ചകൾക്കെതിരെയാണ് നേതാക്കളുടെ കത്ത്. സിദ്ധരാമയ്യ അനുയായികളായ നേതാക്കളാണ് ഹൈകമാന്റിനു കത്തയച്ചത്.
വി എസ് ഉഗ്രപ്പ, ബി എൽ ശങ്കർ, വി ആർ സുദർശൻ, എച്ച് എം രേവണ്ണ, ബി എൻ ചന്ദ്രപ്പ, എൽ ഹനുമാൻതയ്യ, പ്രകാശ് റാത്തോഡ്, പി ആർ രമേശ്, സി എസ് ദ്വാരകനാഥ് തുടങ്ങിയ നേതാക്കളാണ് ഹൈക്കമാന്റിന് കത്തയച്ചത്. ബിജെപിക്കും ജെഡിഎസിനുമെതിരെ പ്രവർത്തിക്കുന്നതിന് പകരം മുതിർന്ന മന്ത്രിമാരുൾപ്പെടെ ആറ് നേതാക്കൾ മുഖ്യമന്ത്രി കസേരയ്ക്കായുള്ള ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്, ഇത് പാർട്ടിയിലും സർക്കാരിലുമുളള പ്രവർത്തകരുടെ വിശ്വാസത്തെയാണ് ഇല്ലാതാക്കുന്നതെന്നും കത്തിൽ പറയുന്നു.
മുഡ അഴിമതിക്കേസിനെ പ്രതിരോധിക്കുന്നതിന് പകരം മുഖ്യമന്ത്രി കസേരമാറ്റം ചിലർ ചർച്ചയാക്കുന്നത് പാർട്ടിയെയും സർക്കാരിനെയും ക്ഷീണിപ്പിക്കുകയാണെന്നും നേതാക്കളും പ്രവർത്തകരും നിരാശയിലാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഹൈക്കമാൻഡ് ഇടപെട്ടു നേതാക്കളെ നിലക്ക് നിർത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. ഗവർണക്കെതിരെ സിദ്ധരാമയ്യ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം അവസാനിക്കാനിരിക്കെയാണ് നേതാക്കളുടെ നീക്കം.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.