മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി മഹാരാഷ്ട്രയിലെ 150 നിയമസഭാ മണ്ഡലങ്ങളില്‍ ആഭ്യന്തര സര്‍വേ നടത്തി കോണ്‍ഗ്രസ്. സര്‍വേ പ്രകാരം 85 സീറ്റുകളില്‍ വിജയിക്കാനാകുമെന്നാണ് കണ്ടെത്തിയതെന്ന് മുതിര്‍ന്ന നേതാവായ വിജയ് വഡേട്ടിവാര്‍ പറഞ്ഞു. 2019ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 16 ശതമാനം വോട്ട് നേടി 44 സീറ്റുകളിലാണ് വിജയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 48ല്‍ 13 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലപ്രകാരം 63 നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഉദ്ദവ് താക്കറേ ശിവസേന 57 സീറ്റുകളിലും ശരദ് പവാര്‍ എന്‍സിപി 34 സീറ്റുകളിലുമാണ് മുന്നില്‍. ആകെയുള്ള 288 സീറ്റുകളില്‍ 154ലും മഹാ വികാസ് അഘാഡി സഖ്യമാണ് മുന്നില്‍.
എല്ലാ പാര്‍ട്ടികളും ഇത്തരം സര്‍വേകള്‍ നടത്താറുണ്ട്. 150 സീറ്റുകളിലാണ് ഞങ്ങളുടെ സര്‍വേ നടന്നത്. ഇതില്‍ 85 സീറ്റുകളില്‍ വിജയിക്കുമെന്നാണ് കണ്ടെത്തിയത്. മഹാ വികാസ് അഘാഡി സഖ്യം ഒരുമിച്ച് പോരാടുകയും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് മികച്ച ഭരണം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് വിജയ് വഡേട്ടിവാര്‍ പറഞ്ഞു.
മഹാ വികാസ് അഘാഡി സഖ്യത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 31 സീറ്റുകളാണ് ലഭിച്ചത്. മഹായുതി സഖ്യത്തിന് 17 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് വലിയ ക്ഷീണമാണുണ്ടായത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രകാരം മഹായുതി സഖ്യം 127 സീറ്റുകളിലാണ് മുന്നില്‍. ബിജെപി 80 സീറ്റുകളിലും ഏക്‌നാഥ് ഷിന്‍ഡെ ശിവസേന 39 സീറ്റുകളിലും അജിത് പവാര്‍ എന്‍സിപി ആറ് സീറ്റുകളിലുമാണ് മുന്നില്‍. കഴിഞ്ഞ നിയമഭ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളിലും അവിഭക്ത ശിവസേന 56 സീറ്റുകളിലുമാണ് വിജയിച്ചത്.