വിദേശത്ത് പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നത് രാഹുലിന് ശീലം: അമിത് ഷാ

ബിജെപിയുള്ളിടത്തോളം കാലം സംവരണം ഇല്ലാതാക്കാനാകില്ലെന്നും ഷാ

dot image

ന്യൂഡൽഹി: യുഎസ് സന്ദർശനത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി നടത്തിയ പരാമർശങ്ങളെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊപ്പം നിൽക്കുന്നതും വിദേശത്ത് പോയി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതും കോൺ​ഗ്രസിന്റെ പതിവാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

രാജ്യത്തെ വിഭജിക്കാൻ ​ഗൂഢാലോചന നടത്തുന്ന ശക്തികൾക്കൊപ്പം നിൽക്കുന്നതും രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും രാഹുൽ ​ഗാന്ധിക്കും കോൺ​ഗ്രസിനും ഇപ്പോൾ ശീലമായി മാറി. അതിനി ജമ്മു കശ്മീരിലെ രാജ്യവിരുദ്ധ, സംവരണ വിരുദ്ധ നിലപാടാകട്ടെ, വിദേശ രാജ്യങ്ങളിൽ നടത്തുന്ന ദേശ വിരുദ്ധ പരാമർശമാകട്ടെ, രാഹുൽ ​ഗാന്ധി എപ്പോഴും രാജ്യത്തിന്റെ വികാരത്തെ വ്രണപ്പെടുത്താനും രാജ്യസുരക്ഷയെ തകർക്കാനുമാണ് ശ്രമിക്കുന്നത്, അമിത് ഷാ പറഞ്ഞു.

പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന കോൺ​ഗ്രസിന്റെ രാഷ്ട്രീയമാണ് രാഹുൽ ​ഗാന്ധിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന സംവരണത്തിനെതിരെ സംസാരിച്ചതോടെ കോൺ​ഗ്രസിന്റെ സംവരണ വിരുദ്ധ നിലപാട് ഒരിക്കൽ കൂടി രാഹുൽ ​ഗാന്ധി തുറന്നുകാണിച്ചു. മനസിലെ ചിന്തകൾ ഒടുവിൽ വാക്കുകളായി മാറിയെന്നും ഷാ എക്സിൽ പങ്കുവെച്ച കുറിപ്പിൽ കൂട്ടിച്ചേർത്തു. ബിജെപി ഉള്ളിടത്തോളം കാലം ആർക്കും സംവരണം നിർത്തലാക്കാനോ രാജ്യസുരക്ഷയെ തകർക്കാനോ സാധിക്കില്ലെന്ന് രാഹുൽ ​ഗാന്ധിയോട് പറയാൻ ആ​ഗ്രഹിക്കുന്നുവെന്നും ഷാ കൂട്ടിച്ചേർത്തു.

യുഎസിലെ ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടെ ഇന്ത്യ ന്യായമുള്ള സ്ഥലമാകുമ്പോൾ സംവരണം റദ്ദാക്കുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. സംവരണം എത്ര കാലം നിലനിൽക്കുമെന്ന വിദ്യാർത്ഥികളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ​രാഹുൽ ​ഗാന്ധി. സാമ്പത്തിക കണക്കുകൾ നോക്കുമ്പോൾ, ആദിവാസികൾക്ക് 100 രൂപയിൽ 10 പൈസ ലഭിക്കും; ദളിതർക്ക് 100 രൂപയിൽ 5 രൂപയും ഒബിസിക്ക് സമാനമായ സംഖ്യയും ലഭിക്കും. അവർക്ക് പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് വസ്തുതയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു.

പരാമർശം സംവരണ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയുൾപ്പെടെ രാഹുൽ ​ഗാന്ധിയെ വിമർശിച്ച് രം​ഗത്തെത്തിയത്. രാഹുൽ ​ഗാന്ധിയുടെ പരാമർശം അധികാരം ലഭിക്കാത്തതിലുള്ള അമർഷത്തിന്റെ പ്രതിഫലനമാണെന്നാണ് ബിജെപിയുടെ പ്രതികരണം. ലോക് ജൻശക്തി പാർട്ടി നേതാവ് ചിരാ​ഗ് പസ്വാനും രാഹുൽ​ഗാന്ധിക്കെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസിന്റെ മനോഭാവമാണ് രാഹുൽ ​ഗാന്ധി തുറന്നുകാട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

dot image
To advertise here,contact us
dot image