ന്യൂഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ പ്രചാരണം ശകത്മാക്കി ബിജെപിയും കോൺഗ്രസ്സും. ഹരിയാനയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെയാണ് അവസാനിക്കുക. ജൂലാന മണ്ഡലത്തിൽ മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എഎപി 40 സീറ്റുകളിലും കോൺഗ്രസ്സ് 49സീറ്റുകളിലും മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് ജമ്മുകശ്മീരിൽ പ്രചാരണത്തിനെത്തും. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിന് നടക്കും. ഒക്‌ടോബർ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക. കോൺഗ്രസ് ഇതുവരെ 41 സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാർത്ഥികളെ എഎപി ഇന്നലെ പുറത്തുവിട്ടു. തിങ്കളാഴ്ച പുറത്തിറക്കിയ ആദ്യ പട്ടികയിൽ 20 പേരായിരുന്നു ഉണ്ടായത്.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്.