ജമ്മു: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജമ്മു അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം. വെടിവെയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിന് പിന്നാലെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചിരുന്നു. പാകിസ്ഥാന്റെ ഭാഗത്തെ നാശനഷ്ടങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച പുലർച്ചെ 2.35നായിരുന്നു സംഭവം. അതിർത്തിക്കപ്പുറത്തെ അഖ്നൂർ പ്രദേശത്ത് നിന്നും പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദേശിച്ചിട്ടുണ്ട്.
2021 ഫെബ്രുവരി 25നാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയത്. ഇതിന് ശേഷം അപൂർവമായി മാത്രമാണ് കരാർ ലംഘനം സംഭവിച്ചിട്ടുള്ളത്. 2023ൽ രാംഗഡ് സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്.