ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സാമ്പത്തിക ആരോപണങ്ങളിൽ സെബി ചെയർപേഴ്സൺ മാധബി ബുച്ച് തുടരുന്ന നിശബ്ദതയ്ക്കെതിരെ ഹിൻഡൻബർഗ് രംഗത്ത്. സെബി ചെയർപേഴ്സണായിരിക്കെ മറ്റ് കമ്പനികളിൽ നിന്ന് ശമ്പളം സ്വീകരിച്ചുവെന്ന ഗുരുതര ആരോപണം കണക്കുകൾ സഹിതം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ എക്സിലൂടെയാണ് ഹിൻഡൻബർഗ് റിസർച്ചിന്റെ വിമർശനം. 'പ്രശ്നങ്ങളെല്ലാം ഉയർന്ന് വരുമ്പോഴും ആഴ്ചകളായി ബുച്ച് തന്റെ മൌനം തുടരുന്നു', എന്നാണ് എസ്കിൽ ഹിൻഡൻബർഗ് കുറിച്ചത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ, ഡോ. റെഡ്ഡീസ്, പിഡിലൈറ്റ് എന്നിവരിൽ നിന്ന് തുക കൈപ്പറ്റി എന്നാണ് ആരോപണം. കോൺഗ്രസാണ് കഴിഞ്ഞ ദിവസം ഈ ആരോപണം ഉന്നയിച്ചത്. ആഴ്ചകളായി മാധബി ബുച്ച് പൂർണ നിശബ്ദത പാലിക്കുന്നു എന്നാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.
സെബി ചെയർപേഴ്സണായിരിക്കെ മാധബി ബുച്ച് ഐസിഐസിഐയിൽ നിന്ന് ശമ്പളമായി വൻ തുക കൈപ്പറ്റിയെന്നും ഇത് ചട്ടലംഘനമെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചിരുന്നു. 2017 മുതൽ 24 വരെ 16 കോടിയാണ് മാധബി ബുച്ച് ഐസിഐസിഐയിൽ നിന്ന് ശമ്പളമായി കൈപ്പറ്റിയിരിക്കുന്നത്. ഇതേസമയം സെബിയിൽ നിന്ന് 3 കോടി 30 ലക്ഷം രൂപയും ശമ്പള ഇനത്തിൽ കൈപ്പറ്റിയതായും പവൻ ഖേര ചൂണ്ടിക്കാട്ടി. ബുച്ച് ഇത്തരത്തിൽ ശമ്പളം വാങ്ങുന്ന കാലയളവിൽ ഐസിഐസിഐ ബാങ്കിന് നേരെയുള്ള പല അന്വേഷണങ്ങളും വഴിതിരിക്കപ്പെട്ടിരുന്നുവെന്നും ഖേര ആരോപിച്ചു.
സംഭവത്തിൽ മാധബി ബുച്ച് മറനീക്കി പുറത്ത് വരണമെന്നും വിശദീകരണം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധബി ബൂച്ചിനെ സെബി ചെയർപേഴ്സനായി നിയമിച്ചത് മോദിയും അമിത് ഷായും ചേർന്നാണ്. സെബി ചെയർപേഴ്സൺ നടത്തിയ ചട്ടലംഘനത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
മാധബി ബുച്ചിനെതിരെ ഗുരുതുര ആരോപണങ്ങളാണ് നേരത്തെ അമേരിക്കൻ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നത്. അദാനി ഗ്രൂപ്പും മാധബി ബുച്ചും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനാലാണ് ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം സെബി പൂർത്തിയാക്കാത്തതെന്നുമാണ് വെളിപ്പെടുത്തൽ. എന്നാൽ 24 അന്വേഷണങ്ങളിൽ 23 എണ്ണവും പൂർത്തിയായെന്നും അവസാന അന്വേഷണം ഉടൻ പൂർത്തീകരിക്കുമെന്നും വാർത്താകുറിപ്പിലൂടെ സെബി വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ ആരോപണങ്ങൾക്ക് ചെയർപേഴ്സൺ മറുപടി പറഞ്ഞിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഒന്നര വർഷമായിട്ടും അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.