ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എൻഐഎയ്ക്ക് കൈമാറാൻ തീരുമാനം. ആക്രമണങ്ങൾക്ക് വിദേശ സഹായം അടക്കം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. ഉന്നത തലത്തിലുള്ള അന്വേഷണം ആവശ്യമെന്നാണ് മണിപ്പൂർ പൊലീസിൻ്റെ നിഗമനം. അതേസമയം സംസ്ഥാനത്ത് തുടരുന്ന സംഘർഷങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. ഗവർണർ എൽ ആചാര്യയുമായി മെയ്തെയ് വിദ്യാർത്ഥി സംഘടന നേതാക്കൾ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള ഒരു നടപടിയും ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ഇന്നും പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂർ സർവകലാശാല അടുത്ത ദിവസം നടത്താനിരുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സുരക്ഷാ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിനിടയാക്കിയത്. അർദ്ധ സൈനിക സേനയെ മണിപ്പൂരിൽ നിന്നും പിൻവലിക്കണമെന്നും ധാർമികതയുടെ പേരിൽ 50 എംഎൽഎമാർ രാജിവെക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് രാജ്ഭവനിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യം ചർച്ചയായതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് അസം റൈഫിൾസിന് പകരം സിആർപിഎഫിനെ വിന്യസിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുകി വിഭാഗക്കാരായ ഒരു സ്ത്രീയും മുൻ സൈനികനും കൊല്ലപ്പെട്ടു. സംസ്ഥാനത്തെ വിവിധ സംഘർഷങ്ങളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. നെയ്ജഹോയ് ലുങ്ഡിമും, അസം റെജിമെന്റിലെ ഹവിൽദാറായിരുന്ന ലിംഖൊലാൽ മേറ്റുമാണ് കൊല്ലപ്പെട്ടത്. ഇരുവരും കാങ്‌പോക്പിയിലാണ് താമസിക്കുന്നത്. കാങ്‌പോക്പിയിലെ തങ്ബു ഗ്രാമത്തിലെ ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ നിന്നാണ് ബോംബുകൾ തുളച്ചു കയറിയ നിലയിൽ ലിംഖൊലാലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കാങ്‌പോക്പിയിലും ചുരാചന്ദ്പുരിലും മറ്റ് ജില്ലകളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കുകി വിഭാഗക്കാർ ഇന്ന് കാങ്പോക്പിയിൽ പ്രതിഷേധം സംഘടിപ്പിക്കും.