ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ വിതുമ്പി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇന്ത്യയ്ക്ക് മകനെ നഷ്ടമായെന്നാണ് ബൃന്ദയുടെ വാക്കുകൾ. ഇന്ത്യയെ നന്നായി അറിയുന്ന മകനെ ഇന്ത്യക്ക് നഷ്ടമായി. യെച്ചൂരിയുടെ മരണം സൃഷ്ടിച്ചത് നികത്താൻ ആവാത്ത വിടവാണ്. ഇന്ത്യയുടെ മൂല്യങ്ങളെ മനസ്സിലാക്കിയ നേതാവാണ് യെച്ചൂരി. അദ്ദേഹം ഒരു പോരാളിയായിരുന്നുവെന്നും വിതുമ്പിക്കൊണ്ട് ബൃന്ദ കാരാട്ട് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നത്. സീതാറാം യെച്ചൂരി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവെന്നാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആൻ്റണി ഓർമ്മിച്ചത്. രാഷ്ട്രീയ ഭേദമന്യേ നേതാക്കളും സാംസ്കാരിക പ്രവർത്തകരും യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയാണ്.
ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്ന് മോദി ഓർമ്മിച്ചു. പാർലമെന്റെറിയനായി വ്യക്തിമുദ്ര പതിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇൻഡ്യ സഖ്യത്തിന് നഷ്ടമെന്നാണ് ആംആദ്മി പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണം. ഉറച്ച ശബ്ദമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ആംആദ്മി ദേശീയ വക്താവ് സഞ്ജയ് സിങ് പ്രതികരിച്ചു. യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച സിങ് കുടുംബത്തിന് ഈ ദുഖം അതിജീവിക്കാൻ കഴിയട്ടെയെന്നും പറഞ്ഞു.
വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെല്ലാം ഇൻഡ്യ സഖ്യത്തിന്റെ നഷ്ടമായാണ് യെച്ചൂരിയുടെ വിയോഗത്തെ കാണുന്നത്. അടുത്ത സുഹൃത്തിനെ നഷ്ടമായ വേദനയാണ് കോൺഗ്രസ് നേതാക്കളടക്കം പങ്കുവെക്കുന്നത്.
യെച്ചൂരിയുമൊത്തുള്ള നീണ്ട സംഭാഷണങ്ങള്‍ നഷ്ടമാകുമെന്നാണ് വിയോഗത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്. യെച്ചൂരി തന്റെ സുഹൃത്തായിരുന്നുവെന്നും രാജ്യത്തെ അറിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യെച്ചൂരി അടിയുറച്ച കമ്യൂണിസ്റ്റുകാരനാണെന്നും അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധം വെച്ചുപുലര്‍ത്തുന്നയാളാണെന്നും വേണുഗോപാലും അനുശോചിച്ചു.